വേണോ ഈ പഴവും പച്ചക്കറിയും....? പരമ്പര മൂന്ന്


പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഉപയോഗിക്കണമെന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. അവിടെ ആയൂര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും എല്ലാവരും ഒന്നിക്കുന്നു. പേരക്ക, മുന്തിരി, ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ ബാധയെ ആറിലൊന്നായി കുറക്കുന്നുണ്ട്. പക്ഷേ അവ പ്രകൃതി ദത്തമാകണമെന്ന് മാത്രം. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകാഹാരങ്ങള്‍ ലഭ്യമാക്കാന്‍ സമീകൃതാഹാരവും അത്യാവശ്യമാണ്. തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. പക്ഷേ, ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ എവിടെ നിന്ന് ലഭിക്കും...? ഈ പ്രതിസന്ധിയെ മറി കടക്കാന്‍ ശാശ്വതമായ പരിഹാരം ഡോക്ടര്‍മാര്‍ക്കുപോലും നിര്‍ദേശിക്കാനാകുന്നില്ല. സ്വയം പര്യാപ്തത മാത്രമേ പോംവഴിയുള്ളൂ. പക്ഷേ, അതിന് ആര് മുന്നിട്ടിറങ്ങുന്നു...? മായങ്ങളുടേയും മറിമായങ്ങളുടേയും ഭീകരതയില്‍ നിന്നാണ് ഇന്നത്തെ വിഭവങ്ങളെല്ലാം തീന്‍മേശകളില്‍ നിറയുന്നത്.

ഭീകരം ആപ്പിളിലെ വിഷം

പഴം പച്ചക്കറി വിപണി അപകട വഴികളിലൂടെയാണ് നടന്ന് നീങ്ങുന്നത്. മാരക വിഷം കുത്തിനിറച്ചും മെഴുക് പുരട്ടി കുട്ടപ്പനാക്കിയും നമ്മെ കൊഞ്ഞനം കുത്തി ചിരിക്കുന്നു അവയില്‍ പലതും. 
നമ്മുടെ നാട്ടില്‍ പഴങ്ങള്‍ക്കും അതാത് കാലമുണ്ട്. മാമ്പഴത്തിനും ആപ്പിളിനും പൈനാപ്പിളിനുമെല്ലാം. പക്ഷേ, വിപണികളില്‍ എല്ലായ്‌പ്പോഴും ആപ്പിളും ഓറഞ്ചും മുന്തിരിയും ലഭിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു...? സിംല, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ ആപ്പിളിന്റെ സീസണ്‍ ജനുവരി മുതല്‍ ജൂലൈ വരെയാണ്. ഹിമാചല്‍ പ്രദേശില്‍ ആപ്പിളുകള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ നാല് വര്‍ഷം ജോലി ചെയ്തയാളാണ് കാളികാവിലെ അന്‍വര്‍. കാളികാവില്‍ ലോഡിംഗ് തൊഴിലാളിയായ അന്‍വര്‍ പറയുന്നു. -ആപ്പിളുകള്‍ അസാകാര്‍ബിക് എന്ന ആസിഡ് ഉപയോഗിച്ച് കഴുകിയാണ് സൂക്ഷിക്കുന്നത്. ഇതോടെ അവ സുന്ദരമാകുന്നു. തുടര്‍ന്ന് മെഴുകുപുരട്ടി മിനുമിനുത്തതാക്കുന്നതോടെ കുട്ടപ്പനാകുന്നു. ഈ രണ്ട് ചികിത്സയും നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് കേടുകൂടാതെയിരിക്കാന്‍ ഈ ആപ്പിളുകള്‍ക്ക് സാധിക്കും. തൊലിയില്‍ നിറവ്യത്യാസം കാണില്ല. വിദേശ ആപ്പിളുകള്‍ വലിയ കോള്‍ഡ് സ്റ്റോറേജിലാണ് സൂക്ഷിക്കുന്നത്. കുറച്ച് നാള്‍ ഇവിടെയും അന്‍വര്‍ ജോലി ചെയ്തിരുന്നു. ഇരു നില കെട്ടിടത്തോളം വലിപ്പമുള്ളതായിരുന്നു ആ സ്റ്റോറേജ്. അതിനകത്ത് ഹിമാലയത്തില്‍ കയറിയാലുള്ള തണുപ്പാണ്. ശരീരവും മനസ്സും മരവിച്ചുപോകും. ഇതിനകത്താണ് ആപ്പിളുകള്‍ മാസങ്ങളോളം സൂക്ഷിക്കുക. ഓര്‍ഡറിനനുസരിച്ചാണ് പിന്നീട് ഇവ കയറ്റി അയക്കുന്നത്. വിദേശ ആപ്പിള്‍ കണ്ടയ്‌നറുകളില്‍ കയറ്റി അയക്കുന്നതിന് കാലതാമസം വരും. അത് കൊണ്ടാണിങ്ങനെ മെഴുക് പുരട്ടുകയും ആസിഡ് ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത്. -അന്‍വര്‍ പറയുന്നു. എന്നാല്‍ വിദേശ ആപ്പിളുകളെ അപേക്ഷിച്ച് ഇന്ത്യന്‍ ആപ്പിളില്‍ ആസിഡുപയോഗവും മെഴുക് പുരട്ടലും കുറവായിരിക്കുമെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് ആവശ്യക്കാര്‍ കുറവാണെന്നാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ ഹമീദ് പറയുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും എല്ലായ്‌പ്പോഴും ആപ്പിള്‍ വരുന്നു. ഇതിനാണ് ആവശ്യക്കാരേറെയെന്നും ഹമീദ്. വിദേശ ആപ്പിളിന് ഭംഗികൂടും. വിലയും കൂട്ടി വില്‍ക്കാം. എന്നാല്‍ ഇതിന്റെ പിന്നിലെ കഥകള്‍ സാധാരണക്കാരന്‍ അറിയുന്നില്ലെന്നും അന്‍വര്‍. 
ഇന്ത്യന്‍ ആപ്പിള്‍ അഞ്ചു മാസംവരെ കേടുകൂടാതെയിരിക്കും. എന്നാല്‍ വിദേശ ആപ്പിള്‍ ഒരു വര്‍ഷം വരെയും. നമ്മുടെ മുമ്പിലെത്തുന്ന വിദേശ ആപ്പിളുകള്‍ക്ക് ഏകദേശം ഒരു വര്‍ഷത്തെ പഴക്കമെങ്കിലും കണക്ക് കൂട്ടണം. തോട്ടങ്ങളില്‍ നിന്നും പറിച്ചെടുത്ത പഴമാണ് ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കളില്‍ കുളിപ്പിക്കുന്നത്. ഈ ആപ്പിളാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി വാങ്ങിക്കൊടുക്കുന്നത്. അത്രയും കാലം അതിജീവിക്കാനായി അതില്‍ കുത്തിനിറക്കുന്ന രാസപദാര്‍ഥങ്ങള്‍ എത്രമാത്രം ഹാനികരമായി ബാധിക്കും നമ്മുടെ ആരോഗ്യത്തെ..?


ഇന്ത്യന്‍ ആപ്പിളൊന്നും ആര്‍ക്കും വേണ്ട. മായം ചേര്‍ക്കാത്ത ആപ്പിളിന്റെ തൊലിയില്‍ നിറവ്യത്യാസം കാണും. അവ ഒരേ നിറത്തില്‍ കാണില്ല. എന്നാല്‍ ഇത് കാണുമ്പോള്‍ കേടാണെന്നും പഴയതാണെന്നും പറഞ്ഞ് വേണ്ടെന്ന് വെക്കുകയാണ് ആളുകള്‍. എന്നാല്‍ ഭംഗിയുള്ള തൊലി കാണുമ്പോള്‍ അത് വാങ്ങുന്നു. ഇതാകട്ടെ അപകടമാണ് എന്നാരും ഓര്‍ക്കാറില്ല. അപ്പോള്‍ പിന്നെ ഞങ്ങള്‍ക്കും വിദേശി ഇറക്കുമതി ചെയ്യുകയല്ലേ രക്ഷയുള്ളൂ. അല്ലാതെ എന്നെപോലുള്ള കച്ചവടക്കാര്‍ വേറെന്ത് ചെയ്യും..? ഹമീദ് ചോദിക്കുന്നു.

വത്തക്കചുവപ്പും കൃത്രിമം

മൂന്നുനേരം ഭക്ഷണം കഴിക്കുന്നു വെങ്കില്‍ ഒരു നേരം പഴം കഴിക്കണമെന്നാണ് പറയുക. ഇത് രോഗ പ്രതിരോധത്തിനുതകും. രോഗികളെയും മറ്റും കാണാന്‍ പോകുമ്പോള്‍ നമ്മള്‍ പഴങ്ങള്‍ കൊണ്ടു പോകുന്നത് അത് കൊണ്ടാണ്. ഭക്ഷണ പദാര്‍ഥങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്നതാണ് പഴങ്ങള്‍. ഇന്ന് വിപണിയില്‍ ലഭിക്കുന്ന പഴങ്ങളത്രയും അയല്‍ സംസ്ഥാനത്തിന്റെ സംഭാവനയാണ്. അവയുടെ നിര്‍മാണഘട്ടങ്ങള്‍ നമുക്ക് കാണാനാകില്ല. അവയില്‍ എന്‍ഡോസള്‍ഫാന്‍ മുതലുള്ള മാരക കീടനാശിനികള്‍ തെളിച്ചിട്ടുണ്ടെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. മാരക വിഷങ്ങളില്‍ കുളിച്ചാണ് ഇവയോരോന്നും വളരുന്നത്. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലും കീടനാശിനി പ്രയോഗം ആവര്‍ത്തിക്കുന്നു. മുന്തിരിയും മാമ്പഴവും പൈനാപ്പിളും എന്‍ഡോസള്‍ഫാന്‍ ലായനിയില്‍ മുക്കി എടുക്കുന്നുണ്ട്. 
തണ്ണി മത്തനില്‍ ആദ്യമൊക്കെ ചുവപ്പ് നിറം കുറവായിരുന്നു. ഒരു ഇടത്തരം ചുവപ്പ്. അപ്പോള്‍ ആര്‍ക്കും അത് വേണ്ടായിരുന്നു. കര്‍ഷകരും കച്ചവടക്കാരും ഇടനിലക്കാരും നഷ്ടക്കണക്കുകള്‍ പറഞ്ഞു. അതിനെ അതിജീവിച്ചു വ്യാപാരികള്‍. ഇന്ന് വരുന്ന തണ്ണിമത്തന്റെ ഉള്‍വശം നല്ല ചുവപ്പായിരിക്കും. ഇത് കൃത്രിമമായി ഇന്‍ജക്ട് ചെയ്യുന്നതാണ്. ഇതിനായി ചുവപ്പ് കളറിലുള്ള ഡൈ സാക്കിറിന്‍ ചേര്‍ത്ത് സിറഞ്ചിലൂടെയാണ് കുത്തിക്കയറ്റുന്നത്. വിളവെടുപ്പിന് ശേഷമാണ് ഈ രാസവസ്തു കുത്തിക്കയറ്റുന്നതെങ്കില്‍ വളര്‍ച്ചാകാലത്ത് നിരവധി കീടനാശിനികള്‍ തെളിക്കുന്നുമുണ്ട്. 

പഴങ്ങളില്‍ നിന്ന് 
ശ്വാസകോശ രോഗങ്ങള്‍


പഴങ്ങളുടെ തൊലിപ്പുറത്ത് ഈച്ച, ഉറുമ്പ് തുടങ്ങിയ പ്രാണികളിരിക്കാതിരിക്കാന്‍ തയാബന്തെസോള്‍ എന്ന ലായനിയില്‍ പഴങ്ങള്‍ 20 മിനുട്ട് മുക്കിവെച്ചാല്‍ മതി. പക്ഷേ, ഈ പ്രക്രിയ മാരകമാണെന്ന് മാത്രം. ഈ ലായനിയില്‍ മുക്കിയ പഴങ്ങള്‍ ഗര്‍ഭിണികള്‍ കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവില്‍ അംഗവൈകല്യമുണ്ടാക്കാന്‍ വരെ ഇടയാക്കും. മുന്തിരി ക്ലോറിന്‍ ലായനിയില്‍ മുക്കിയെടുക്കാറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇത്തരം മുന്തിരി കഴിക്കുന്നവരിലുണ്ടാകും. വായു കടക്കാത്ത മുറിയില്‍ മാമ്പഴവും മറ്റു പഴങ്ങളും വെച്ച് ക്ലോറിന്‍ ഉപയോഗിച്ച് പുകയാക്കി സ്‌പ്രേ ചെയ്യുന്നതാണ് മറ്റൊരു രീതി. ഇതും ശ്വാസകോശ രോഗങ്ങള്‍ വിളിച്ചു വരുത്താനുള്ള മുന്നൊരുക്കമാണ്. ടിന്നുകളില്‍ പായ്ക്ക് ചെയ്ത് വരുന്ന പഴങ്ങളില്‍ വെളുത്ത നിറത്തിലുള്ള പൊടി കാണാം. ഈ വസ്തു കീടനാശിനിയുടെ അവശിഷ്ടമായിരിക്കും. മീതെയില്‍ ബ്രോമൈഡ് എന്ന കീടനാശിനിയും പഴങ്ങള്‍ കേടുവരാതിരിക്കാനായി പുകക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് ശേഷം പഴങ്ങളുടെ തോല്‍ തിളങ്ങുന്നത് കാണാം. ഇതിന് വിധേയമായ പഴങ്ങള്‍ കഴിക്കുന്നവരുടെ ശ്വാസകോശവും വൃക്കയും തകരാറിലാകും. പഴങ്ങളുടെ പേരിലുള്ള സ്‌ക്വാഷുകളും ജാമുകളും ധാരാളം വിപണിയിലെത്തുന്നുണ്ട്. പഴുത്ത് കഴിഞ്ഞാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് പഴങ്ങളുടെ ആയുസ്. പെട്ടെന്ന് തന്നെ നശിക്കുന്ന പഴങ്ങളുടെ ചാറുകളെന്ന് പറഞ്ഞ് വില്‍ക്കുന്നവയാകട്ടെ വര്‍ഷങ്ങളോളം നിലനില്‍ക്കും. ഇതിനായി കൃത്രിമ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ കൃത്രിമ വസ്തുക്കള്‍ കരളിനും കുടലിനും ഒട്ടേറെ കുഴപ്പങ്ങള്‍ ഉണ്ടാകുന്നവയാണ്. വാഴ കൃഷിചെയ്യുമ്പോള്‍ ഫ്യൂരിഡാന്‍ ഉപയോഗിക്കുന്നത് നാട്ടിന്‍പുറത്ത് പോലും പതിവ് കാഴ്ചയാണ്. കുല വളര്‍ന്നാല്‍ മാണിത്തട്ടവെട്ടി വീണ്ടും ഫ്യൂരിഡാന്‍ വെക്കുന്നതും കുലയുടെ വണ്ണം കൂട്ടാനാണ്. 
അബൂദബിയില്‍ മാമ്പഴത്തില്‍ നിന്നും ശീതളപാനീയമുണ്ടാക്കുന്ന കമ്പനിയിലായിരുന്നു കരുവാരകുണ്ടിലെ കുഞ്ഞിമുഹമ്മദിന് ജോലി. എന്നാല്‍ അവിടെ മാമ്പഴമേ അതിനായി ഉപയോഗിച്ചിരുന്നില്ലെന്ന് പറയുന്നു കുഞ്ഞിമുഹമ്മദ്. പകരം ഉരുളക്കിഴങ്ങും ചില എസെന്‍സുകളുമായിരുന്നു ചേര്‍ത്തിരുന്നത്. അതില്‍ നിന്നും ക്രിത്രിമമായ മാങ്ങാച്ചാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തൊട്ടപ്പുറത്ത് ഇദ്ദേഹത്തിന്റെ സഹോദരന്‍ അസൈനാര്‍ക്ക് അണ്ടിപ്പരിപ്പ് പാക്ക് ചെയ്യലായിരുന്നു തൊഴില്‍.

 എന്നാല്‍ ഇവിടെ ഇതിനായി ഉപയോഗിച്ചിരുന്നത് മൈദയും നിലക്കടല പൊടിച്ചതും ചില എസെന്‍സും മാത്രമായിരുന്നു. എന്നാല്‍ ഇത് കഴിച്ചാല്‍ സംശയമേ തോന്നില്ലെന്നാണ് അസൈനാര്‍ പറയുന്നത്. സൗദി അറേബ്യയിലെ അബഹയില്‍ നാല് വര്‍ഷമാണ് പട്ടിക്കാട് മണ്ണാര്‍മലയിലെ ഹമീദ് പാക്കിസ്ഥാനികള്‍ നടത്തിയിരുന്ന കമ്പനിയില്‍ ജോലി ചെയ്തത്. ഇവിടെ ഈത്തപ്പഴം വിവിധ രീതിയില്‍ സംസ്‌ക്കരിച്ചെടുത്ത് മറ്റു പഴങ്ങളും പലഹാരങ്ങളും ഉണ്ടാക്കലായിരുന്നു ജോലി. പകുതി പഴുത്ത ഈത്തപ്പഴം ഒന്നായി പറിച്ചെടുത്ത് ഗോഡൗണില്‍ സൂക്ഷിക്കും. ഇവ ചില മിശ്രിതങ്ങള്‍ ചേര്‍ത്ത് ചക്കിലിട്ടാട്ടിയാല്‍ നല്ല കറുത്ത നിറമായി മാറും. ഇതിനകത്ത് വീണ്ടും ഈത്തപ്പഴത്തിന്റെ കുരുവും കടലപ്പരിപ്പും ചേര്‍ത്ത് പാക്ക് ചെയ്യുമ്പോള്‍ ഏറ്റവും ക്വാളിറ്റിയുള്ള ഈത്തപ്പഴമായി മാറുന്നു. ഇതിന് വന്‍ ഡിമാന്‍ഡുമുണ്ടാകുന്നു. കുറഞ്ഞ വിലക്ക് വാങ്ങുന്ന പകുതി കേടായ ഈത്തപ്പഴമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത് എന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു. അതില്‍ പിന്നെ ഈത്തപ്പഴം കഴിക്കുകയോ വീട്ടിലാരെയും കഴിക്കാനവദിക്കാറോ ഇല്ലെന്നും ഹമീദ് പറഞ്ഞു.

കാഴ്ചയിലെ സുന്ദരന്‍മാര്‍
അനുഭവത്തില്‍ വില്ലന്‍മാര്‍


പച്ചക്കറികളുടെ കഥയും ഇത് തന്നെ. ക്വാളിഫ്‌ളവര്‍, കാബേജ്, എന്നിവയില്‍ അഞ്ചു ദിവസങ്ങളില്‍ ഒരു തവണ കീടനാശിനി തളിക്കുന്നുണ്ട്. വിളവെടുക്കാന്‍ 150 ദിവസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്ന് തളിക്കുന്നത്. കമ്പോളത്തിലെത്തുന്ന ചീരയിലയിലോ മറ്റോ ചെറിയൊരു പുഴുക്കുത്ത് കണ്ടാല്‍ അത് വാങ്ങാന്‍ മടിക്കുന്നു നമ്മള്‍. ഭംഗിയുള്ള ഇലകളാണ് ആളുകള്‍ക്ക് വേണ്ടത്. പുഴുവരിച്ച പാട് കണ്ടാല്‍ അതാണ് നല്ലതെന്നും അടയാളമില്ലാത്തതാകട്ടെ കീടനാശിനി പ്രസവിച്ചതാണെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികള്‍ക്കില്ലാതെ പോയിരിക്കുന്നു. തക്കാളി, വെണ്ട, പയര്‍ ,കറിവേപ്പില, വഴുതന, അമര എന്നിവയിലെല്ലാം മരുന്നുതളി വ്യാപകമാണ്. തൃശ്‌നാപ്പള്ളിയിലെ വെറ്റില തോട്ടത്തില്‍ അമരയും ഇതോടൊപ്പമാണ് കൃഷി ചെയ്യുന്നത്. അപ്പോള്‍ രണ്ടിനും ഒരുമിച്ച് മരുന്ന് തെളിച്ചാല്‍ മതിയല്ലോ എന്നാണവര്‍ കാണുന്ന ലാഭം. 
വിദേശ രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനികളാണിവയെല്ലാം. പക്ഷേ ഇന്ത്യയില്‍ ഇവയ്ക്ക് യാതൊരു നിരോധനവുമില്ല. ഒരു വര്‍ഷം ഇന്ത്യയില്‍ 50,000 ടണ്‍ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശം കൂടി ഇല്ലാതാക്കുന്നുണ്ട്. കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ കഴിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ പോലും കീടനാശിനിയുടെ അംശം കണ്ടെത്തുന്നു. പ്രസവത്തിന് ശേഷം കുറഞ്ഞനാളുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചാല്‍ വിഷം കലര്‍ന്ന മുപ്പാല് കൊണ്ടാകാന്‍ സാധ്യതയുണ്ട്. കീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യ ജീവനുകള്‍ക്കു മുമ്പില്‍ പോലും ഭീകരതാണ്ഡവ മാടുന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണങ്ങളാണിത്. പുതിയ കാലത്തെ മലയാളിയുടെ പ്രധാന ഭക്ഷ്യ വിഭവങ്ങളായ പാലും പഴവും മുട്ടയും എങ്ങനെയാണ് അണിഞ്ഞൊരുങ്ങുന്നത്. ആ കഥ ഉടനെ.

വാര്‍ത്തകള്‍ വര്‍ത്തമാനങ്ങള്‍

12/05/12

പരമ്പര ഒന്ന് ഉണ്ണികളെ ഊട്ടുന്നതും കാളകൂടം

കുഞ്ഞുങ്ങള്‍ക്ക് അത്യുത്തമം അമ്മയുടെ മുലപ്പാലാണെന്നത് അറിയാത്തവര്‍ ആരാണുണ്ടാകുക..? എന്നാലും അവര്‍ക്ക് ബേബി ഫുഡുകള്‍ കോരികൊടുത്തെങ്കിലെ പല അമ്മമാര്‍ക്കും സംതൃപ്തിയാകൂ. മുലയൂട്ടുന്നത് സ്തന സൗന്ദര്യത്തെ ബാധിക്കുമോ എന്ന സംശയംകൂടി വേരൂന്നുമ്പോള്‍ ബേബി ഫുഡ് കമ്പനികളുടെ ഖജനാവ് നിറഞ്ഞു തൂവുന്നു. അമ്മയ്ക്കും അച്ഛനും ഒന്നും ചെയ്യേണ്ട. എല്ലാം ബേബി ഫുഡ് കമ്പനികള്‍ ചെയ്തുകൊള്ളും എന്നതാണ് സ്ഥിതി. ഇന്ന് എത്ര ബേബി ഫുഡുകളാണ് വിപണിയിലുള്ളതെന്ന് പോലുമറിയില്ല. ഫാരെക്‌സും ഗുഡ് സ്റ്റാര്‍ട്ടും ബേബിവിറ്റയും നെസ്റ്റല്‍ ലാക്‌ടോജെനും തുടങ്ങി ഹോര്‍ലിക്‌സും കോംപ്ലാനും ബൂസ്റ്റും എല്ലാം കുഞ്ഞുങ്ങളുടെ ആരോഗ്യധര്‍മം മനോഹരമായി നിറവേറ്റുന്നുവെന്നാണ് അവകാശവാദം. പരസ്യവാഗ്ദാനവും ഇതു തന്നെ. ഒരേ കമ്പനി തന്നെ ഒന്നിലധികം ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇതൊന്നും കുട്ടികളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് മാത്രമല്ല ഏറെ ദോഷമാണ് ചെയ്യുന്നത്.
ബേബി ഫുഡുകള്‍ ഏതു തന്നെയായാലും ഇവയെല്ലാം ടിന്നിലും കുപ്പിയിലും പ്ലാസ്റ്റിക് പാക്കറ്റിലും നിറച്ചാണ് വിപണികളിലെത്തുന്നത്. പാക്കറ്റുകളില്‍ നിറക്കുന്ന സാധനങ്ങള്‍ കേടുവരാതിരിക്കണമെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ത്തേ മതിയാകൂ. പാക്കറ്റുകളില്‍ നിറക്കുന്ന ആഹാര പദാര്‍ഥങ്ങള്‍ കേട് കൂടാതിരിക്കാന്‍ ഡി ഡി റ്റി തെളിക്കാറുണ്ടെന്നതും പരസ്യമായ രഹസ്യം. അതില്ലാതെ ഇവ മാസങ്ങളോളം കുപ്പിയില്‍ അടച്ചാല്‍ കേട് വരുമെന്നത് നാലു തരം. ഇവ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിന് സംശയമേ വേണ്ട. മാത്രവുമല്ല ബേബി ഫുഡുകളില്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങളാകട്ടെ ഗോതമ്പ്, അരി, റാഗി, സോയ, പാല്‍പ്പൊടി, കോണ്‍, പഴങ്ങള്‍, പച്ചക്കറികള്‍, മിനറല്‍സ്, ചോളം, നവരനെല്ല്, വൈറ്റമിനുകള്‍ എന്നിവയെല്ലാമാണെന്ന് കമ്പനികള്‍ തന്നെ വിശദീകരിക്കുന്നു.
എന്നാല്‍ ഗോതമ്പും അരിയും റാഗിയും പാലുമെല്ലാം ഒരുമിച്ച് ചേര്‍ത്താല്‍ ഇത് വിപരീതഫലമാണ് ഉളവാക്കുക. അപ്പോള്‍ പിന്നെ പോഷകാഹാരമെന്ന നിലയില്‍ വിതരണം ചെയ്യുന്ന ബേബി ഫുഡുകളെ വിഷമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്...? ഇതില്‍ യാതൊരു ഗുണമേന്മയുമുണ്ടാകില്ലെന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ ഉണ്ണുന്നത് കാളക്കൂടമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമതിയാകും. ബേബിഫുഡുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആവശ്യഘടകമേയല്ല. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുമില്ല. അത്തരത്തിലുള്ള പഠനങ്ങളും നടന്നിട്ടില്ല. എന്നാല്‍ ദോഷകരമാണെന്ന് ലോകാരോഗ്യസംഘടന വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേരള മെഡിക്കല്‍ സെയില്‍സ് റെപ്രസന്ററ്റീവ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി വി വി രാജ പറയുന്നു. കമ്പനികള്‍ ഏതായാലും ഇവരുടെ ലക്ഷ്യം കുഞ്ഞുങ്ങളുടെ ആരോഗ്യമല്ല, ലാഭം മാത്രമാണ്. കമ്പോള സംസ്‌കാരത്തില്‍ ബേബിഫുഡുകള്‍ അഭിമാനത്തിന്റെ സിംബലായി മാറുകയാണ് വീട്ടമ്മമാര്‍ക്ക്. ഇതുവഴി കമ്പനികള്‍ വാരുന്നതോ കോടികളാണ്- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


എന്നാല്‍ ഐ എം എയെ പോലുള്ള സംഘടനകളൊന്നും ബേബി ഫുഡുകളുടെ ഭവിഷ്യത്തിനെതിരെ രംഗത്ത് വരുന്നില്ല. അവര്‍ക്കൊന്നുമറിയാത്തതല്ല ഇതിനകത്തെ അപകടങ്ങള്‍. ഹീമോഫീലിയ എന്ന രോഗം വരുന്നതിന്റെ പ്രധാനകാരണം മധുര പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന അസ്ഫാര്‍ട്ടോ എന്ന പഞ്ചസാരയേക്കാള്‍ അയ്യായിരം മടങ്ങ് മധുരമുള്ള കൃത്രിമ മധുരമാണ് എന്ന് ആരോഗ്യ വകുപ്പ് തന്നെ കണ്ടെത്തിയതാണ്. ഇത് കൂടുതലും കുട്ടികളെ ബാധിക്കുന്നതാണ്. പക്ഷേ അതുവിളിച്ചു പറയാനുള്ള ധൈര്യമോ ജനങ്ങളെ ബോധവത്കരിക്കാനുള്ള ആത്മാര്‍ഥതയോ ആരോഗ്യ വകുപ്പിനില്ലെന്ന് നിലമ്പൂര്‍ പ്രകൃതി പഠനകേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു. 
എന്നാല്‍ ഒരു കമ്പനിയുടേയും ബേബിഫുഡുകള്‍ വാങ്ങണമെന്ന് ഡോക്ടര്‍മാര്‍ ആരോടും നിര്‍ദേശിക്കാറില്ലെന്നാണ് ഐ എം എ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റായ ഡോ പി എ ലളിത പറയുന്നത്. പരസ്യങ്ങളില്‍ ആകൃഷ്ടരായി ആളുകള്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങുകയാണ്. അതിന് ഐ എം എയേയും അലോപ്പതി ഡോക്ടര്‍മാരെയും കുറ്റം പറയാനാകുമോ...? - അവര്‍ ചോദിക്കുന്നു.
ബേബി ഫുഡുകളില്‍ ചേര്‍ത്തിരിക്കുന്ന വിഭവങ്ങള്‍ കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് വിളയിച്ചെടുക്കുന്നവയല്ലെന്ന് ഒരു കമ്പനിയും ഉറപ്പ് നല്‍കുന്നില്ല. അപ്പോള്‍ പിന്നെ രാസവള, കീടനാശിനി മുക്തമല്ലാത്ത സാധനങ്ങള്‍ ഉണക്കിപ്പൊടിച്ചാല്‍ എങ്ങനെയാണത് ഉത്തമ ശിശു പോഷകാഹാരമാകുക. പ്രകൃതി ചികിത്സകനായ ഡോ. ജേക്കബ് വടക്കന്‍ചേരി ചോദിക്കുന്നു. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദഹനേന്ദ്രിയത്തിന് അരി, ഗോതമ്പ്, റാഗി, കോണ്‍ ഓയല്‍ എന്നിവയൊന്നും ദഹിപ്പിക്കാന്‍ ശേഷിയില്ല. പല്ല് വരുന്നത് വരെ മുലപ്പാലാണ് എല്ലാ സസ്തനികളുടേയും ഭക്ഷണം. ഈപ്രായത്തില്‍ കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ ദഹനത്തിന് തയ്യാറാകുകയോ ദഹന രസങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രാപ്തമാകുകയോ ചെയ്യുന്നില്ല. ഇത്തരം അവസ്ഥയില്‍ സകല പോഷകങ്ങളുടെയും വിരുദ്ധാഹാരക്കൂട്ട് പാഷാണത്തിന്റെ ഫലമാണ് ചെയ്യുക എന്നും അദ്ദേഹം പറയുന്നു.ബേബി ഫുഡുകളില്‍ രുചിക്ക് വേണ്ടി മൃഗങ്ങളുടെ എല്ലും മജ്ജയും പൊടിച്ച് ചേര്‍ക്കുന്നുണ്ടെന്നാണ് കോഴിക്കോട്ടെ ഡോ. പി കെ മുരളീധരന്റെ അഭിപ്രായം. 
അമേരിക്കയിലെ കാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പ് നല്‍കുന്ന വിഷ ഭക്ഷണമാണ് സോയ. ഇത് ട്യൂമറും കാന്‍സറും ഉണ്ടാക്കാന്‍ പര്യാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബേബി ഫുഡുകളില്‍ ജി എം ഒ സോയ ചേര്‍ക്കുന്നത് കൊടും ചതിയും ലാഭക്കൊതി മൂത്ത കമ്പനികളുടെ ആര്‍ത്തിയും കൊണ്ടാണ്. എത്രയോ കാലമായി ഐ എം എ ആവശ്യപ്പെടുന്നതാണ് ഡ്രഗ്‌സ് വിഭാഗത്തെ പെട്രോളിയം വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന്. എന്നാലല്ലെ ഇത്തരം സംഭവങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടലുണ്ടാകൂ. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അവരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താനുമാകൂ. ഡോ. പി എ ലളിത ചോദിക്കുന്നത് ന്യായമല്ലേ. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ ആരുണ്ട് മുന്നോട്ട് വരാന്‍...? 
വിര മരുന്നും ഹോര്‍ലിക്‌സ് വക
കുട്ടികള്‍ക്കുണ്ടാകുന്ന വിരകള്‍ക്കുള്ള മരുന്ന് നിര്‍മിക്കുന്നതും ഹോര്‍ലിക്‌സ് കമ്പനി തന്നെയാണെന്നതാണ് മറ്റൊരു കൗതുകം. ഹോര്‍ലിക്‌സ് നിര്‍മിക്കുന്ന ജി എസ് കെ കമ്പനി തന്നെയാണ് സെന്റ്റല്‍ എന്ന വിര മരുന്നും ഉത്പാദിപ്പിക്കുന്നത്. ഹോര്‍ലിക്‌സ് കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റിയും അഴുക്കും കൂടും. അതിന്റെ ഫലമായി ഉണ്ടാകുന്ന വിരയിളക്കുന്നതിനാണ് ഈ മരുന്നും ഇവര്‍ തന്നെ ഉത്പാദിപ്പിക്കുന്നതെത്രെ. ഹോര്‍ലിക്‌സിന്റെ വില്‍പ്പന കൂടുമ്പോള്‍ തന്നെ വിര മരുന്നും വിറ്റുപോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. എങ്ങനെയുണ്ട് കുത്തകക്കമ്പനികളുടെ ബുദ്ധി...?


ജനിച്ചു വീഴുന്ന കുഞ്ഞിന് ഏറെ ആവശ്യമുള്ളത് അമ്മയുടെ സാമീപ്യവും മുലപ്പാലുമാണ്. അതെത്രത്തോളം ഉറപ്പാക്കുന്നുവോ അത്രയും സുരക്ഷിതമാകും കുഞ്ഞിന്റെ വളര്‍ച്ച. -സിവില്‍ സ്റ്റേഷനിലെ ഡോ. എം സി സൗമ്യ പറയുന്നു. ഒരു വയസ്സുവരെ അമ്മയുടെ പാല് മാത്രമാണ് കുഞ്ഞിന്റെ പൂര്‍ണാഹാരം. ബേബിഫുഡല്ല. ഈ പ്രായംവരെ മറ്റൊന്നും ദഹിപ്പിക്കാന്‍ കുഞ്ഞുശരീരം തയ്യാറാകുന്നില്ല. കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് തീര്‍ച്ചയായും മാതാവിന്റെ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. കുഞ്ഞിന് വേണ്ടി ഒരുങ്ങുമ്പോള്‍ ആദ്യം ശരീരം ശുദ്ധമാക്കാനാണ് അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്. രാസമുക്തമായ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. കുറച്ച് മുളപ്പിച്ച കപ്പലണ്ടിയോ ചെറുപയറോ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പാല് കുറവാണെന്ന് പിന്നെ ഒരു സ്ത്രീയും പറയില്ല. തെറ്റായ ആഹാരം കുഞ്ഞിന് വേണ്ടിയെങ്കിലും ഉപേക്ഷിക്കുക. -അവര്‍ പറയുന്നു. 
മുലപ്പാല്‍ മാത്രമാണ് കുഞ്ഞിനുള്ള പൂര്‍ണമായ ഭക്ഷണമെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന പഠനങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ഡോ. പി എ ലളിത പറയുന്നു. മുലപ്പാലിലെ എണ്‍പത് ശതമാനം കോശങ്ങളും ശത്രു ബാക്ടീരിയകളെയും ഫംഗസിനേയും വൈറസിനേയും നശിപ്പിക്കുന്നതാണ്. -അവര്‍ പറഞ്ഞു. 
ആറ് മാസം മുലപ്പാല് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. ആദ്യത്തെ ഒരാഴ്ച മുലപ്പാലിന് ബുദ്ധിമുട്ട് ഉണ്ടാകാം.അപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ എന്തെങ്കിലും കൊടുക്കാവൂ. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഫിസിയോളജിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ ഡോ. ശ്രീപ്രിയ ഷാജി പറയുന്നു. ഒരു വയസ് വരെ പശുവിന്‍ പാലും പഞ്ചസാരയും മുട്ടയുടെ വെള്ളയും കൊടുക്കരുത്. പോഷകങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കാമെന്നിരിക്കേ എന്തിന് ബേബിഫുഡ് കമ്പനികളെ സഹായിക്കണം..? അത്രയും സമ്പുഷ്ടവും സുരക്ഷിതവുമായ പോഷകാഹാരം ഒരു കമ്പനികള്‍ക്കും പകരംവെക്കാനുമാകില്ല. പക്ഷേ അതിനൊക്കെ മെനക്കെടാന്‍ ആര്‍ക്കുണ്ട് സമയം...? അവര്‍ ചോദിക്കുന്നു.
കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളില്‍ സംസാര വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി നല്‍കുന്നതൊന്നും അവര്‍ക്ക് ലഭിച്ചിരിക്കില്ല എന്നതിനാല്‍ നിരവധി രോഗങ്ങളും മാനസിക വൈകല്യങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. മുലപ്പാല് കുടിക്കുന്ന കുഞ്ഞിനേക്കാള്‍ കുപ്പിപ്പാല് അകത്താക്കാന്‍ കുഞ്ഞ് അറുപത് ശതമാനത്തോളം കൂടുതല്‍ ക്ലേശിക്കേണ്ടിയും വരുന്നുണ്ട്. ജനിച്ച് ഒരു വയസ്സുവരെ ഗര്‍ഭാവസ്ഥയിലേതു പോലെ തന്നെ കുഞ്ഞിനെ അമ്മയാണ് സംരക്ഷിക്കേണ്ടത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നാണ് ഹൈദ്രരാബാദില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. 

ചോക്ലേറ്റിലും വിഷം

ബേബി ഫുഡില്‍ ഒതുങ്ങാത്ത ലാഭക്കൊതിയും മായം ചേര്‍ക്കലിന്റെ അനീതികളും ഐസ്‌ക്രീമിലും ചോക്ലേറ്റിലും ഉണ്ട്. കാഡ്ബറീസ്, അമുല്‍, നെസ്ലേ, കാംപ്‌കോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ചോക്ലേറ്റുകള്‍ക്ക് പോലും ഇതില്‍ നിന്ന് മോചനമില്ല. ചോക്ലേറ്റുകളില്‍ ചത്തപാറ്റയും പല്ലിയും നിറയുന്ന പത്ര വാര്‍ത്തകള്‍ ധാരാളം നമ്മള്‍ വായിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്‌നോവില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ചോക്ലേറ്റില്‍ നിക്കല്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ശരീരത്തില്‍ പ്രവേശിച്ചാല്‍ കുടല്‍, വൃക്ക എന്നിവയെ തകരാറിലാക്കുന്നതാണ് നിക്കല്‍. ചര്‍മരോഗങ്ങള്‍ക്കും മുടി നരക്കുന്നതിനും ക്യാന്‍സറിനു വരേ കാരണമാകുന്നതാണ് ഈ രാസവസ്തു. ലക്‌നോവിലെ ഡോ. സക്‌സേന യായിരുന്നു ഈ പരിശോധന നടത്തി കമ്പനിക്കെതിരെ ആഞ്ഞടിച്ചത്. ഇദ്ദേഹം ഇത് സബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് കാഡ്ബറീസ് കമ്പനി വിശദീകരണവുമായി രംഗത്തെത്തി. ചോക്ലേറ്റില്‍ നിക്കല്‍ നേരിട്ടു ചേര്‍ത്തു എന്ന ആരോപണം ശരിയല്ല. ഞങ്ങള്‍ ഉപയോഗിച്ച പാലില്‍ നേരത്തെ നിക്കല്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ചോക്ലേറ്റിലും കാണുമെന്നായിരുന്നു വിശദീകരണം. ഞങ്ങളുടെ ഉത്പന്നത്തില്‍ നിക്കല്‍ ഉണ്ടെന്ന് നിങ്ങള്‍ എങ്ങനെയാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും കമ്പനി അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങളുടെ ഉത്പന്നത്തില്‍ നിക്കല്‍ ഇല്ല എന്ന് സ്ഥാപിക്കാന്‍ ഏത് പരിശോധനയാണ് നടത്തിയതെന്ന് ആദ്യം നിങ്ങള്‍ വ്യക്തമാക്കൂ എന്ന ആവശ്യവുമായാണ് ഡോ. സക്‌സേന തിരിച്ചടിച്ചത്. ഇതോടെ കമ്പനി അധികൃതര്‍ക്ക് മിണ്ടാട്ടമില്ലാതാകുകയായിരുന്നു. മിഠായികളില്‍ കത്രിമ മധുരങ്ങളാണ് ചേര്‍ക്കുന്നത്. സാക്കിറിന്‍ എന്നാണതിനെ വിളിക്കുന്നത്. പഞ്ചസാരയുടെ പതിന്‍മടങ്ങ് മധുരമുണ്ടാകും ഇതിന്. വിലയും കുറവാണ്. ഒരു നുള്ള് മതി. റോഡമിന്‍, ബി ഓറമിന്‍ എന്നീ രാസ വസ്തുക്കളും കൂടി ചേര്‍ക്കുമ്പോഴെ ഇന്നത്തെ മിഠായികളുടെ നിര്‍മാണം പൂര്‍ണതയിലെത്തുന്നുള്ളൂ. 

വിഷമയം ഐസ്‌ക്രീം 

കോഴിക്കോട് നടക്കാവിലെ സുന്ദരന്‍ വൈദ്യരുടെ സഹോദരന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ ആസ്ഥാനമായ ഒരു പ്രധാന ഐസ്‌ക്രീം കമ്പനിയുടെ മലബാര്‍ മേഖലയിലെ നിര്‍മാണം ഏറ്റെടുത്തിരുന്നു. അന്ന് ഇടക്കിടെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനക്കെത്തും. അവരുടെ ഒരു മാസത്തെ കിമ്പളം 5000 രൂപയായിരുന്നു. അത് ഓഫിസില്‍ മുറക്ക് എത്തിച്ചാല്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആ വഴിയെ വരുമായിരുന്നില്ലെന്ന് സുന്ദരന്‍ വൈദ്യര്‍. ഈ തുക കമ്പനി തന്നെയായിരുന്നു നല്‍കിയിരുന്നതും. അപ്പോള്‍ ഇന്നെത്രയായിരിക്കും അവരുടെ കിമ്പളമെന്നും ചോദിക്കുന്നു അദ്ദേഹം. വിവിധ ഫ്‌ളേവറുകളില്‍ ലഭിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ല. എന്നാല്‍ ദോഷമോ ഒട്ടേറെ വരുത്തുകയും ചെയ്യുന്നു.
സംസ്ഥാനത്ത് പ്രതിവര്‍ഷം മുന്നൂറ് കോടി രൂപയുടെ ഐസ്‌ക്രീം വ്യാപാരം നടക്കുന്നുണ്ട്. വ്യത്യസ്ത രുചിയും നിറവും ലഭിക്കാന്‍ സ്റ്റാര്‍ച്ച്, ജെലാറ്റിന്‍, പെക്റ്റിന്‍, സെല്ലുലോസ് എന്നീ രാസവസ്തുക്കള്‍ക്ക് പുറമേ ചില പശയും ഐസ്‌ക്രീമുകളില്‍ ചേര്‍ക്കുന്നുണ്ട്. ഏറ്റവും വിലക്കുറവുള്ളവയില്‍ പൈനാപ്പിള്‍ രുചിക്കായി തുകല്‍ സംസ്‌ക്കരിക്കുന്ന കെമിക്കലാണ് ഉപയോഗിക്കുന്നത്. വാനില രുചിക്ക് ചിതലിനെ നശിപ്പിക്കുന്ന കെമിക്കലും ചേര്‍ക്കുന്നു. ജലാറ്റിന്‍ ഒരു തരം കൊഴുപ്പാണ്. പന്നി, പശു, കാള, പോത്ത്, കോഴി, മത്സ്യം എന്നിവയില്‍ നിന്നെല്ലാം ജലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നുണ്ട്. പ്രതിവര്‍ഷം 25000 ടണ്‍ ജലാറ്റിനാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. 
ജലാറ്റിന്‍ ചേരാത്ത ഭക്ഷ്യ വസ്തുക്കള്‍ തന്നെ വിരളമാണ്. പാലുത്പന്നങ്ങളിലും വെണ്ണ, നെയ്യ്, പാല്‍പ്പൊടി, ബേക്കറി പലഹാരങ്ങള്‍, മരുന്നുകള്‍, ടൂത്ത് പേസ്റ്റുകള്‍, ഓയിന്‍മെന്റുകളില്‍ എല്ലാം ജലാറ്റിന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സാന്നിധ്യം തന്നെ അപകടവും ആരോഗ്യത്തിന് ഹാനികരവുമാണ്. പിന്നെ ഐസ്‌ക്രീമുകള്‍ എത്രമാത്രം ഗുണകരമാകും ആരോഗ്യത്തിന്...? 
ലാസ, അങ്കിള്‍ജോണ്‍, സ്‌കീ ഇതു മൂന്നും കേരളത്തിലെ പ്രശസ്തമായ മൂന്ന് ഐസ്‌ക്രീം കമ്പനികളാണ്. എന്നാല്‍ ഇവ മൂന്നും ഒരേ കമ്പനിയിലെ ഒരേ മെഷീനില്‍ നിന്ന് ഒരേ ചേരുവകളോടെയാണ് പുറത്തിറങ്ങുന്നതെന്ന് ആരറിയുന്നു...? ഇങ്ങനെ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ മാത്രമല്ല നികുതിയിനത്തില്‍ സര്‍ക്കാറിനെ കൂടിയാണ് ഇവര്‍ പറ്റിക്കുന്നതെന്ന് നേരത്തെ ഈ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്ന കാളികാവിലെ ഷിയാസ്ഖാന്‍ പറയുന്നു. ചില കമ്പനികളാകട്ടെ ഐസ്‌ക്രീം എന്ന പേരില്‍ വിതരണം ചെയ്യുന്നത് ഐസ്‌ക്രീമല്ല. ഫ്രോസണ്‍ഡെസേര്‍ട്ടാണ്. ഐസ്‌ക്രീമിന്റേയും ഫ്രോസണ്‍ഡെസേര്‍ട്ടിന്റേയും ചേരുവകളും വ്യത്യസ്തമാണ്. ഐസ്‌ക്രീമെന്ന പേരില്‍ ഫ്രോസണ്‍ ഡെസേര്‍റ്റ് വിതരണം ചെയ്താല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ആരും അതിന് തയ്യാറാകുന്നില്ല. സാധാരണക്കാര്‍ അതിനെക്കുറിച്ച് ബോധവാന്‍മാരുമല്ല. മാത്രവുമല്ല ഐസ്‌ക്രീമുകളിലെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വര്‍ഷങ്ങളോളം ഇവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുപോലും അറിയില്ലെന്നതാണ് വാസ്തവം. വിപണിയില്‍ പാലിനും പഞ്ചസാരക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എത്രയോ തവണ വില വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും 50 മില്ലി ഗ്രാം ഐസ്‌ക്രീമിന് ആറ് രൂപയാണ് വില. അപ്പോള്‍ തന്നെ ഊഹിച്ച് കൂടെ ഇതില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ കൃത്രിമമാണെന്ന് -ഷിയാസ്ഖാന്‍ ചോദിക്കുന്നു.

ദുരന്തം വിതച്ച്
കളിപ്പാട്ടങ്ങള്‍ 

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് വിലപ്പിടിപ്പുള്ള കളിപ്പാട്ടങ്ങളിലൂടെയാണ്. ഇതും അപകടവും ദുരന്തവുമായി മാറുകയാണ്. ഭക്ഷണം കഴിക്കാന്‍ മടി, മൂത്രമൊഴിക്കുമ്പോള്‍ വേദന, വയറുവേദന തുടങ്ങിയവയുമായെത്തുന്ന പല കുട്ടികള്‍ക്കും വൃക്കകള്‍ക്കാണ് തകരാറ്. ഇതിന്റെ അന്വേഷണം ചെന്നെത്തുന്നതാകട്ടെ കളിപ്പാട്ടങ്ങളിലാണ്. അടുത്തകാലത്ത് ആറ് കുട്ടികളില്‍ ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മഞ്ചേരിയിലെ ശിശു രോഗവിദഗ്ധന്‍ ഡോ. അബ്ദുസമദ് പറയുന്നു. ഇത് അദ്ദേഹത്തിന്റെ അടുക്കല്‍ മാത്രമെത്തിയ കേസുകളാണ്.
ചെന്നൈയിലെ വിജയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ എത്തിയിരുന്ന കുട്ടികളില്‍ പത്ത് ശതമാവും കളിപ്പാട്ടങ്ങളില്‍ നിന്നുണ്ടാകുന്ന വിവിധതരം രോഗങ്ങള്‍ക്കിരയായിരുന്നവരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു മലബാര്‍ ഹോസ്പിറ്റലിലെ ഡോ ശ്രീപ്രിയ ഷാജി. ഇപ്പോള്‍ ഇതിന്റെ തോത് കൂടിയിട്ടുണ്ടാകാമെന്നും അവര്‍. 
പോളിവെനൈല്‍ ക്ലോറൈഡ് ചേര്‍ത്ത് നിര്‍മിച്ച കളിപ്പാട്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് കുട്ടികളുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നത്. വിദഗ്ധ പരിശോധനയിലാണ് ഈ കുട്ടികളുടെ രക്തത്തില്‍ വര്‍ധിച്ച തോതില്‍ ലെഡിന്റെ അംശം കണ്ടെത്തിയത്. വളരെക്കാലം ശരീരത്തില്‍ നിലനില്‍ക്കുന്ന വസ്തുവാണ് ലെഡ്. കുട്ടികളുടെ എല്ലുകളുടേയും പല്ലുകളുടേയും ബലക്ഷയത്തിനും മാനസിക വൈകല്യങ്ങള്‍ക്കും വരെ കാരണമാകുന്നതാണ് ലെഡിന്റെ സാന്നിധ്യം. വയറുവേദന, വിശപ്പില്ലായ്മ, പഠന വൈകല്യം, ചര്‍ദ്ദി, തലവേദന എന്നിവയെല്ലാം ലെഡ് രക്തത്തില്‍ കലരുമ്പോഴുണ്ടാകുന്ന അസുഖങ്ങളാണ്.
2500 കോടിയുടെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍ക്കപ്പെടുന്നത്. ചൈനയുടെ കളിക്കോപ്പുകളാണ് കൂടുതല്‍ അപകടകാരികള്‍. കളിപ്പാട്ടങ്ങളിലെ വിഷം കണ്ടുപിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കില്ല. നമ്മുടെ ശിശുരോഗ വിദഗ്ധര്‍ പോലും ഇതേക്കുറിച്ച് അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സ്ഥിതി. 
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്കവാറും കളിപ്പാട്ടങ്ങളിലും ലെഡിന്റെ വര്‍ധിച്ച തോതിലുള്ള സാന്നിധ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാഷനല്‍ റഫറല്‍ സെന്ററില്‍ ബാംഗ്ലൂരില്‍ നിന്നും ശേഖരിച്ച വിവിധയിനം കളിക്കോപ്പുകള്‍ പരിശോധനക്ക് വിധേയമാക്കിയത്. ഡോ. വെങ്കിടേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവയില്‍ നിന്നെല്ലാം ലെഡിന്റെ അംശം കൂടുതലായി കണ്ടെത്തിയിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച 111 സാമ്പിളുകളില്‍ 77 എണ്ണത്തിലും അപകടകരമായ തോതില്‍ ലെഡും കാന്‍സറിന് കാരണമാകുന്ന താലേറ്റും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതായി കോഴിക്കോട്ടെ ഡോ പി കെ ജനാര്‍ദനന്‍ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ എജുക്കേഷന്‍ റിസര്‍ച്ച് സൊസൈറ്റിയും കളിപ്പാട്ടത്തിലെ വിഷാംശങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. കാഡ്മിയം, ക്രോമിയം, എന്നീ രാസവസ്തുക്കള്‍ കലര്‍ന്നതായാണ് അവരുടെ ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നായിരുന്നു ആ പഠനത്തില്‍ തെളിഞ്ഞത്. 
പല്ലു മുളക്കുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ കിട്ടുന്നതെല്ലാം കടിച്ചു തുടങ്ങുന്നു. കൂടുതലായി അവരുടെ കയ്യിലുണ്ടാകുന്നത് കളിപ്പാട്ടമായിരിക്കും. അതും കടിക്കുന്നു. ഇത് വഴിയാണ് ടീത്തറില്‍ ലെഡ്, ആസ്ബറ്റോസ്, അമോണിയം നൈട്രേറ്റ് എന്നിവ കലര്‍ന്ന കളിപ്പാട്ടങ്ങളിലെ വസ്തുക്കള്‍ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നത്. രോമങ്ങള്‍ നിറഞ്ഞ ബൊമ്മകള്‍ കുഞ്ഞുങ്ങളില്‍ ശ്വാസകോശ രോഗത്തിന് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി ഐ എസ്) ആണ് കളിപ്പാട്ടങ്ങളുടെ ഗുണമേന്മയും ഉറപ്പ് വരുത്തേണ്ടത്. എന്നാല്‍ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നേയില്ല. പിന്നെങ്ങനെ കളിപ്പാട്ട മാഫിയകള്‍ വളര്‍ന്ന് വികസിക്കാതിരിക്കും...?

ഫാസ്റ്റ് ഫുഡുകളും മാരകം
ഫാസ്റ്റ്ഫുഡുകള്‍ വിതക്കുന്ന അപകടവും ഭീകരമാണ്. ന്യൂ ജഴ്‌സിയിലെ കെമിക്കല്‍ കമ്പനികളില്‍ നിന്നുംവരുന്ന ചേരുവകളാണ് ഫാസ്റ്റ്ഫുഡ് ചന്തകളില്‍ നിറയുന്നത്. അതിലും രാസവസ്തുക്കളുടെ കടന്നാക്രമണം ഭീതിതമാണ്. ആണവ നിലയങ്ങളില്‍ നിന്ന് പുറം തള്ളുന്ന പ്ലൂട്ടോണിയം ഉപയോഗിച്ചാണ് ബീഫ് ബാക്ടീരിയ വിമുക്തമാക്കുന്നത്. പ്ലൂട്ടോണിയം വിഷമാണെന്ന് എല്ലാവര്‍ക്കുമറിയാം. കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫാസ്റ്റ് ഫുഡാണ് ഹംബര്‍ഗ്ഗര്‍. ഇതും ആരോഗ്യത്തിന് ഹാനികരമാണ്. നേരത്തെ വലിയവര്‍ക്ക് മാത്രമുണ്ടായിരുന്ന രോഗങ്ങള്‍ ഇന്ന് കുട്ടികളില്‍ പോലുമുണ്ടാകുന്നു. പ്രമേഹവും വൃക്കരോഗങ്ങളും എല്ലാം കുട്ടികളേയും ബാധിക്കുന്നു. ഇനി അവര്‍ കഴിക്കുന്ന പഴങ്ങളുടേയും പച്ചക്കറികളുടേയും അവസ്ഥ എന്താണ്...? അതിനെക്കുറിച്ച് 
നമുക്ക് വേണോ ഈ പഴവും പച്ചക്കറിയും

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ



Recent Posts

 
Related Posts with Thumbnails