ലെഡ് - നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു കൊലയാളി

മ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന സൌന്ദര്യവര്‍ധക  വസ്തുക്കള്‍ , പ്ലാസ്റ്റിക് സാധനങ്ങള്‍ എന്തിനധികം, ആവശ്യത്തിലേറെ ചൂടാക്കി, അല്ലെങ്കില്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ആഹാര സാധനങ്ങള്‍ ,    പ്രത്യേകിച്ചും ലോഹപാത്രങ്ങളില്‍ .... എല്ലാം ലെഡ് ശരീരത്തിലെത്താന്‍  സഹായിക്കുന്ന  ചില ഘടകങ്ങള്‍ മാത്രം!കുട്ടികള്‍ക്ക് നമ്മള്‍ സ്നേഹപൂര്‍വ്വം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ , അവയില്‍ അടങ്ങിയിരിക്കുന്ന ലെഡിനെപ്പറ്റി നമ്മള്‍ ഒട്ടും ഉല്‍ക്കണ്ഠപ്പെടാറില്ല. എന്നാല്‍, ആ സ്നേഹത്തിലൂടെ നമ്മള്‍ അവരെ മരണത്തിലേക്കാണ് അയക്കുന്നതെന്ന വസ്തുത ഇനിയെങ്കിലും ഒന്നോര്‍ത്തെങ്കില്‍ !

അതുപോലെ ഇ - വേസ്റ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാലിന്യത്തിലെ രാസവസ്‌തുക്കളില്‍ മുഖ്യസ്ഥാനം ലെഡിനാണ്. ഉപയോഗശൂന്യമായ ബാറ്ററികള്‍ മുതല്‍ എല്ലാത്തരം സാധനങ്ങളും കൂടിക്കിടന്നു അവയില്‍ നിന്നും  ഉണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാലിന്യത്തെക്കുറിച്ച്, അവ ശ്വസിക്കുന്ന നമ്മളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ അത് തനിക്ക് തന്നെ വിനയാകുമെന്നു നമ്മില്‍ ആരും ഓര്‍ക്കാറില്ല.

ബാറ്ററിയിലും  പിക്‌ചര്‍ട്യൂബിലും ഇത്‌ കനത്ത തോതില്‍ അടങ്ങിയിരിക്കുന്നു. പിക്‌ചര്‍ട്യൂബില്‍ 2 കി.ഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു.  സര്‍ക്യൂട്ട്‌ ബോര്‍ഡുകളിലെ  സോള്‍ഡറിംഗിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ട്‌. നാഡിവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ തകരാറുകള്‍ സൃഷ്‌ടിക്കാന്‍ ഈ മൂലകത്തിനാകുമെന്നത്‌ ശാസ്ത്ര സമൂഹത്തെയെന്നപോലെ സാധാരണക്കാരെയും ആശങ്കാകുലരാക്കുന്നു.കുട്ടികളിലെ ബുദ്ധിവികാസത്തെയും ഇത്‌ പ്രതികൂലമായി  ബാധിക്കും. 1997 നും 2004 നും മധ്യേ കംപ്യൂട്ടര്‍ മാലിന്യങ്ങളില്‍ നിന്നു മാത്രം 600 ദശലക്ഷം കി.ഗ്രാം ലെഡ്‌ ഭൂമുഖത്ത്‌ അടിഞ്ഞുകൂടപ്പെട്ടിട്ടുണ്ട്‌.

ലെഡിന്റെ അംശം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂഗര്‍ഭ ജലാശയത്തില്‍ ലയിച്ചുണ്ടാവുന്ന ഭവിഷ്യത്ത്, വന്‍ അപായസൂചനയാണ്‌ നല്‍കുന്നത്.

ഈ വിഷയത്തെപ്പറ്റി എന്റെ കൂട്ടുകാരായ നിങ്ങളോട് ചര്‍ച്ച ചെയ്യണം എന്നു തോന്നാന്‍ കാരണം,ഇവിടെ നമ്മുടെ കൂട്ടത്തില്‍ ശലഭം പോല്‍ പാറി നടക്കാനാഗ്രഹിച്ച  ജിത്തു എന്ന സുജിത് കുമാറിനെ വീല്‍ ചെയറില്‍ തളച്ചിട്ടത് ഈ ലെഡ് എന്ന മാരക വസ്തു ആണെന്ന തിരിച്ചറിവാണ്.... അതിനു കാരണമായതോ,ഇഷ്ടജോലിയായ ഇലക്ട്രോണിക് റിപ്പയറിങ്ങും!! ജിത്തുവിന്റെ രക്തത്തിലെ ലെഡിന്റെ അളവ് 32m/dl ആണ് എന്ന് പറയുമ്പോള്‍ അതിന്റെ രൂക്ഷത ഊഹിക്കാവുന്നതാണല്ലോ. അതിനാല്‍ ,വിഷമത്തോടെയാണെങ്കിലും ആ ജോലി ഉപേക്ഷിച്ചു,പുതിയൊരു മേഖല തേടുകയാണ് ജിത്തു. തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമായെങ്കില്‍ എന്നും ജിത്തു ആഗ്രഹിക്കുന്നു...

ചിത്രങ്ങള്‍ക്ക് കടപ്പാട്:ഗൂഗിള്‍ 
.  
My Photo

കുഞ്ഞൂസ് (Kunjuss)

3 comments:

റാണിപ്രിയ said...

അറിയേണ്ടവ......

Unknown said...

അറിവ് പകര്‍ന്നതിനു നന്ദി.

ഹംസ said...

നല്ല ഒരു ലേഖനം തന്നെ.. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ...

Related Posts with Thumbnails