ഗുലാഫീ... സുലാഫീ...

ടി,
പൂതപ്പിടിച്ചങ്ങനെയിരിക്കും. അല്ലാച്ചാലുറക്കം തന്നെയുറക്കം.


രാവിലെ എട്ടൊമ്പതു മണ്യാവും എഴുന്നേല്‍ക്കാന്‍ തന്നെ. ചായയും മോന്തി അങ്ങാടിയിലോട്ടു പാഞ്ഞാല്‍ സ്‌കൂളിലേക്ക്‌ പോക്‌ണ പെമ്പിള്ളാരെ കാണാം. ബസ്സ്‌സ്‌റ്റോപ്പിനു മുമ്പിലുള്ള കുഞ്ഞാപ്പാന്റെ `മാസ്സ്‌ ഡ്രസ്സസ്സി'ന്റെ മുമ്പിലെ ബെഞ്ചില്‌ ഇന്നേരം നല്ല തെരക്കുണ്ടായിരിക്കും. ജോലിയില്ലാത്ത തേരാപാര നടക്കണ യുവാക്കള്‌ടെ കണക്കെട്‌ക്കാനിന്നേരത്ത്‌ ബസ്സ്‌സ്‌റ്റോപ്പ്‌ പരിസരത്തെത്തിയേച്ചാമതി.


ഇന്നേരം കഴിഞ്ഞാപ്പിന്നെ അങ്ങാടിയില്‌ നാലാളെ കാണണംച്ചാ സ്‌കൂള്‌ വിടണ നേരാകണം. പത്ത്‌പത്തരക്ക്‌ മുമ്പെ കുട്ട്യാളെയൊക്കെ സ്‌കൂളിലയച്ച്‌ ഓരോരുത്തരായി മെല്ലെ അവനോന്റെ പുരയിടങ്ങളിലേക്കോ മറ്റോ വലിയും.
വീട്ടിലെത്തിയാലുടനെ പത്തുമണിച്ചായയും മോന്തി വല്ല ബുക്കുമെടുത്ത്‌ കട്ടിലിലേക്ക്‌ ചായും. വായിച്ച്‌ വായിച്ചങ്ങുറങ്ങിപ്പോവും. പിന്നെ ഉച്ചക്ക്‌ ചോറു തിന്നാനുമ്മച്ചി വന്ന്‌ വിളിച്ചെടങ്ങേറാക്കണം.

``ഹമ്‌ക്കെ... നീച്ച്‌ തൊള്ള കെഗ്ഗി വന്ന്‌ എന്താച്ചാ വല്ലതും നക്കിക്കോ...''

ചോറ്‌ തിന്നു കഴിഞ്ഞാപ്പിന്നെ പള്ള നിറഞ്ഞ റാഹത്തിലൊരുറക്കമുണ്ട്‌. അതാണുറക്കം. ഹാ!
സ്‌കൂള്‌ വിടണ നേരായാപ്പിന്നാരും വിളിച്ചുണര്‍ത്തണ്ട. ഞെട്ടിയുണരും. പുരക്ക്‌ മുമ്പില്‌ നിന്നാത്തന്നെ കാണേണ്ടവരെയൊക്കെ കാണാം.

ഇതിനൊക്കെയിടയില്‍ എഴുതാനെവിടെ നേരം...?

എന്തേലുമങ്ങെഴുത്യാപ്പോരല്ലൊ... നാലാളെ മുമ്പില്‌ ഷൈന്‍ ചെയ്യാന്‍ തക്ക വല്ലതുമാവണം. മുമ്പെഴുതിവെച്ചതൊക്കെയെടുത്ത്‌ വായിച്ച്‌ നോക്കി. ഒന്നുമൊരു `കുണ്‍ട്രസ്‌' കിട്ടണില്ല. മാറ്റിയെഴുതീട്ടും വല്ല്യകാര്യമുണ്ടെന്ന്‌ തോന്നണില്ല. പുതിയതെന്തെങ്കിലും...!?

ചിന്തിച്ച്‌ ചിന്തിച്ചങ്ങുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ഓര്‍ത്തു നോക്കി... വല്ല കിനാക്കളും...!?
പല കഥകള്‍ക്കും ആശയം കിട്ടീട്ട്വോള്ളത്‌ തലയും വാലുമില്ലാത്ത കിനാക്കളില്‍ നിന്നാണല്ലോ... അല്ലെങ്കിലുമീ കഥകളൊക്കെ തലയും വാലുമില്ലാത്ത കിനാക്കളല്ലെ...!?

ഹില്ല...! കിനാക്കളൊന്നും കണ്ടിട്ടില്ല...! തോര്‍ത്തുമുണ്ടെടുത്ത്‌ കിണറ്റിനടുത്തേക്ക്‌ നടന്നു. വെളളം കോരിയൊഴിച്ച്‌ സിന്തോള്‍ സോപ്പ്‌ തേച്ചുരച്ചു കുളിച്ചു തോര്‍ത്തി ചെറിയപെരുന്നാളില്‍ വാങ്ങിയ മഞ്ഞക്കുപ്പായവും വെള്ളത്തുണിയുമുടുത്ത്‌ എളാപ്പ ഗള്‍ഫീന്നയച്ച സ്‌പ്രേയടിച്ച്‌ പൗഡര്‍ പൂശി ചൊങ്കനായി പുറത്തോട്ടിറങ്ങുമ്പോള്‍ സ്‌കൂള്‌ വിട്ട്‌ കുട്ട്യാള്‌ വന്ന്‌ തുടങ്ങീരുന്നു.

``എങ്ങോട്ടാ... കുളിച്ചൊരുങ്ങി.''

``പെണ്ണു കാണാമ്പോവാ... ന്തേയ്‌''

പുല്ലങ്കോട്‌ ഹൈസ്‌കൂളിലെ പത്താംക്ലാസ്‌ കുമാരികളാ... ഓല്‌ ഞമ്മളെ ഒന്നാക്കീതാ...

``കക്കക്ക... കിക്കിക്കി... കുക്കുക്കു...!'' ന്ന്‌ കുണുങ്ങിച്ചിരിച്ചോണ്ടവര്‍ പോയി.

കാണ്‌ന്ന കുട്ട്യോളെയൊക്കെ വേണ്ടമാതിരി പരിഗണിച്ചോണ്ട്‌ ഞാനങ്ങാടിയിലോട്ട്‌ നടന്നു. എന്നേലും പഞ്ചായത്തിലേക്കെങ്ങാനും മത്സരിക്കേണ്ടി വന്ന്‌ച്ചാ അക്കാരണത്താലൊരു വോട്ടു കുറയരുതല്ലോ... ന്തേയ്‌...!?

`ഗ്ലാമര്‍ ഹെയര്‍ ഡ്രസ്സസ്സി'ല്‍ നിന്ന്‌ പത്രമൊന്ന്‌ നോക്കി. അതില്‌ കണ്ട സ്‌പോര്‍ട്‌സ്‌ സുന്ദരികളെ മനതാരില്‍ താലോലിച്ചോണ്ട്‌ `പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍' എന്ന്‌ മൂളിപ്പാട്ടും പാടി പുറത്തോട്ടിറങ്ങുമ്പോഴതാ... ഗദ്ദാഫീടെ ബേക്കറീല്‌ നിപ്പണ്‍ മൂസയിരിക്കണൂ.
ത്രീ-ഡാന്‍ ബ്ലാക്ക്‌ ബെല്‍ട്ടാണു മൂപ്പിലാന്‍. `നിപ്പണ്‍ ഹിഹോഷിട്ടേ - റിയു കരാട്ടെ' യാണ്‌ ഓന്റെ സ്റ്റൈല്‍. `നിപ്പണ്‍ മൂസ' യെന്നതോന്റെ പരസ്യമായിട്ടുള്ള രഹസ്യനാമമാണ്‌. പലേട്‌ത്തും കരാട്ടെ ക്ലാസുകള്‍ നടത്തീരുന്നു. മധുമലയില്‌ കുരുമുളക്‌ പറിക്കാനും കച്ചറവെട്ടാനും, കാവലിനുമൊക്കെ പോയിരുന്നു. ഇപ്പോ അവ്‌ടെയും പണിയില്ലാത്രെ... കല്യാണൊക്കെ കഴിഞ്ഞിട്ടിപ്പോ ഒരു കുട്ടിയൊണ്ട്‌.

പത്രങ്ങളായ പത്രങ്ങളീന്നൊക്കെ കുറിച്ചെടുത്ത ഒരു കെട്ട്‌ വിലാസങ്ങളുമായാണവന്‍ ദിവസോം എത്തുക. ആവശ്യമുണ്ട്‌. ഉടന്‍ ഒരു ജോലി. ഉടന്‍ ബന്ധപ്പെടുക. ഇമ്മാതിരി പരസ്യങ്ങളില്‍ നിന്നാണോനീ വിലാസങ്ങളൊക്കെ തട്ടിക്കൂട്ട്‌ണത്‌. ഓരോന്നിനേ പ്പറ്റിയും വിശദമായിത്തന്നെ ചര്‍ച്ച നടത്തും. ഒടുക്കം ഇതൊന്നും ഞമക്ക്‌ ശര്യാവുല്ലാന്നും തീരുമാനമെടുത്തു പിരിയും.
ഇതൊന്നും കൂടാതെ ഒത്തിരി ഹലാക്കിന്റെ പിരാന്തന്‍ പരിപാടികളും ഓന്റടുത്ത്‌ണ്ട്‌. കരാട്ടെ മാഗസിന്‍, ജിംനേഷ്യം, പ്രസ്സ്‌, കുറി, വാടകവ്യവസ്ഥയില്‍... അങ്ങിനെയൊത്തിരിയൊത്തിരി ഏടാകൂടങ്ങള്‍. ഒന്നുമിനിയും പറഞ്ഞുവെച്ചതില്‍ കൂടുതലൊരിഞ്ച്‌ മുമ്പോട്ട്‌ പോയിട്ടില്ല...

``നടന്നാല്ലോ...''

ചില വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ക്ക്‌ `മങ്കുണ്ടി'ന്റെ സൗന്ദര്യമാസ്വദിച്ച്‌ കാളികാവിലേക്കൊരു നടത്തമുണ്ട്‌. ഉദരംപൊയിലില്‍ നിന്നും ഒന്ന്‌ ഒന്നൊര കിലോമീറ്ററുണ്ട്‌ കാളികാവിലേക്ക്‌. ഈ നടത്തത്തിനിടയിലാണോന്റെ തലമണ്ടയ്‌ക്കുള്ളില്‍ പുതിയ പല ഐഡിയകളും ഉരിഞ്ഞിരിഞ്ഞു വരാറുള്ളത്‌.

നടക്കാം...!

വഴിയിലെങ്ങാനും വല്ല കഥയും വീണു കിട്ടാതിരിക്കില്ല...!

``കര്‍ണീം... കിര്‍ണീം... കുര്‍ണീം...!''

``അസ്സലാമലൈക്കും... എങ്ങ്‌ട്ടാ രണ്ടാളൂടെ...?''

``വലൈക്കു മുസ്സലാം''

``വെറ്‌തെ... ഒരീവനിംഗ്‌ വാക്ക്‌...''

അബ്‌ദുള്‍ ഗഫൂറെന്ന കുഞ്ഞിമാനാണ്‌. മദ്രസാധ്യാപകനും റ്റിയൂഷന്‍സെന്ററീലെ അറബിമാഷുമാണ്‌ മൂപ്പര്‍. കുഞ്ഞിമാന്‍ സൈക്കിളീന്നെറങ്ങി, സൈക്കിളുമുന്തി ഞങ്ങള്‍ക്കൊപ്പം നടന്നു.

``ഇങ്ങളെങ്ങ്‌ട്ടാ...''
ഞാന്‍ കുഞ്ഞിമാനോട്‌ ചോദിച്ചു.

``കാളികാവ്‌ക്കാ... ഒരു സാധനം വാങ്ങാണ്‌.''

``ഹെന്താദ്‌... ഉദരംപൊയിലില്ലാത്തൊരു സാധനം...!?''

``ഹതൊന്നും ചെറ്യ കുട്ട്യാളറിയാമ്പറ്റാത്ത സാധനാ...''

``ഹാ...!''
ഞമ്മളിട്ടൊന്നൂതീതാണ്‌ മൂപ്പര്‍.

``ആ... ആയ്‌ക്കോട്ട... മാണ്ട... പറയണ്ട... ഞമ്മളും ബലുതാവും... ഹ...!''
ഞാന്‍ സൈക്കിളിന്റെ ബെല്ലൊന്നമര്‍ത്തി കര്‍ണിം... കര്‍ണിം... കുര്‍ണിം...!

``ഞാന്‍ റ്റിയൂഷന്‍സെന്ററീക്കാ... അവ്‌ടെ ചെറിയൊരു പരിപാടിണ്ട്‌... തീറ്റപ്പരിപാടി.''

``ഞങ്ങള്‌ പോരണോ...?''

``അതിങ്ങക്കൊര്‌ ബുദ്ധിമുട്ടാവൂല്ലെ.''

``ഹ... ഞങ്ങക്കോ... നിങ്ങക്കോ?''

``ഹല്ല... നൗഷാദിന്റെ കാര്യന്തായാവ്വോ... ല്ലേ... പാവം...!''

``ഹേത്‌ നൗഷാദ്‌... ഹെന്ത്‌... മൂസയൊന്നുമറിഞ്ഞിട്ടില്ല.?''

``മുതുകാട്ടില്‌ നൗഷാദ്‌ല്ലെ... പുല്ലങ്കോട്ട്‌ലെ... ഓന്‍ മെഡിക്കല്‍ കോളേജ്‌ലാ.''

``ഹെന്താ... എന്താ പറ്റീത്‌.''

``ഇജ്ജറിഞ്ഞീല്ലെ. കല്ലന്‍കുന്നമ്മാരെ മുസ്‌തഫ മരിച്ചു. ഓല്‌ രണ്ടാളുടെ ഒര്‌ കല്ല്യാണം കഴിഞ്ഞ്‌ ബൈക്കില്‌ വരുമ്പൊ... പന്നിക്കോട്ടുടെയിലെയാ വളവില്‌... ഒരു ജീപ്പായിട്ട്‌ കൂട്ടിയിടിച്ച്‌...''

``എപ്പളാത്‌... ഞാനറിഞ്ഞല്ലല്ലോ...''

``ഒരു മൂന്ന്‌ മൂന്നരായിട്ട്‌ണ്ടാവും... ല്ലേ...''

"ഹാ.. വല്ലാത്തൊരു വളവാത്.. എത്ര അപ്കടങ്ങളാ അവിടെ.."

''ഇങ്ങള്‌ ബെരിം ഞാനൊന്നങ്ങാട്ട്‌ പോട്ടെ... ഞമ്മക്ക്‌ മഗ്‌രിബിന്റെ മുമ്പായിങ്ങെത്തും മാണം...''
കുഞ്ഞിമാന്‍ സൈക്കിളില്‍ പാഞ്ഞുകയറി പറപ്പിച്ചു പോയി... ക്‌ര്‍ണിം... കര്‍ണീം... കൃര്‍ണും...

``സലീമ്‌ പിന്നൊന്നുമറീച്ചിട്ട്‌ല്ല...''
മൂസ വിഷയമെടുത്തിട്ടു.

``ഹെന്ത്‌!?''

``ഡി.റ്റി.പീടെ കാര്യം... ഹതറിഞ്ഞാലെ പരസ്യം പിടിക്കാനൊക്കൂ...''

കരാട്ടെ മാഗസിന്‌ പരസ്യം പിടിക്കൂന്നീനെക്കുറിച്ചാണ്‌. പന്ത്രണ്ടാമത്തെ തവണയാണിത്‌ ചര്‍ച്ചക്കിടുന്നത്‌.

``അവ്‌ടെന്താ ഒരാള്‍ക്കൂട്ടം!?''

``ഹത്‌ വല്ല തരികിടയുമായിരിക്കുംന്ന്‌''

``ഒന്ന്‌ നോക്കാ... വ്വാ...''

``ഹത്‌ മീങ്കച്ചോടാ... മീങ്കുട്ട്യാള്‌... വളര്‍ത്തണ മീന്റെ കുട്ട്യാള്‌...''


`ഓയ്‌ ചേറാന്റെ മക്കള്‌... ചേറാന്റെ മക്കളെയ്‌' എന്നലറുന്നയാളെ പിടികിട്ടി. കുട്ട്യാപ്പു, വാണിയമ്പലത്തുകാരനാണ്‌.


`ഗുലാഫീ... സുലാഫീ... ഒര്‌ മിനിറ്റ്‌... ഇവ്‌ടെ... ഹേയ്‌... മണ്ട്യര്വോയ്‌...!' എന്നലറിവിളിച്ച്‌ നാലാള്‌ കൂടുന്നേടത്തെല്ലാം അല്ലറചില്ലറ മാജിക്‌ കാട്ടി നടക്ക്‌ണ കുട്ട്യാപ്പു.

``ഗുലാഫീ... സുലാഫീ... ഇപ്പോ മീങ്കച്ചോടായോ!?''

``ഗുലാഫീ... സുലാഫീ വേനലിലെ നടക്കൂ. ഇപ്പോ ഇത്‌ ന്റെ സീസണാ... കഴിഞ്ഞു... സീസണ്‍ കഴിഞ്ഞു. രണ്ടെണ്ണംട്‌ക്കട്ടെ. പത്തുറുപ്പ്യള്ളു. അഞ്ചെണ്ണാച്ചാലിരുപത്‌... എത്രാ മാണ്ട്യാച്ചാ കൊണ്ടോയ്‌ക്കോളിം.. കച്ചോടം കഴിഞ്ഞാ ഞമ്മടെ വകയൊര്‌ ഗുലാഫീ... സുലാഫീ... ഹോയ്‌... മാണ്ട്യാര്വോയ്‌...!''

ബീഡിക്കറ പിടിച്ച പല്ല്‌ കാട്ടി തുപ്പല്‌ തെറിപ്പിച്ച്‌ കുട്ട്യാപ്പു ചിരിച്ചു.

കരിക്കട്ടേടെ നിറാണെങ്കിലും ആള്‌ കാണാന്‍ ചൊങ്കനാണ്‌. ചീകിവെക്കാത്ത മുടിയുടെ മടിപിടിച്ച കിടത്തം ആ മുഖത്തിന്റെ ശേലു കൂട്ടി. പേന്റും കുപ്പായോം ചെളിയും ചേറും പിടിച്ച്‌ വിയര്‍പ്പില്‍ കുതിര്‍ന്ന്‌ നനഞ്ഞൊട്ടിക്കിടന്നിരുന്നു.

പാന്റിന്റെ പോക്കറ്റീന്നും പ്ലാസ്റ്റിക്‌ കവര്‍ വലിച്ചൂരിയെടുത്തതില്‌ വെള്ളം നിറച്ച്‌ ചേറാന്‍കുട്ടികളെയുമിട്ട്‌ കാറ്റൂതി വീര്‍പ്പിച്ച്‌ റബ്ബര്‍ബാന്റിട്ട്‌ കെട്ടിയിട്ട്‌ തുപ്പല്‌ തെറുപ്പിച്ചോണ്ട്‌, ബീഡിക്കറപിടിച്ച കറപ്പ്‌ പല്ലുകള്‍ മുഴുക്കെ വെളിയില്‍ കാട്ടിത്തന്നെ കുട്ട്യാപ്പു ചിരിച്ചു. കക്ക... കിക്കി... കുക്കു...!

ഞാന്‍ ചിന്തിച്ചു.
ഇതുപോരെ...!?

``മതി... ഇതുമതി... കുട്ട്യാപ്പൂനെ കുറിച്ചന്നെങ്ങ്‌ എഴുതാം... ന്താ...''

ബാപ്പ വാതം പിടിച്ച്‌ മയ്യത്തായിട്ടഞ്ചെട്ട്‌ കൊല്ലായി. ഉമ്മച്ചിയാണെങ്കി... നീച്ച്‌ നടക്കാന്‍..., കുത്തിയൊന്നിരിക്കാന്‍ പോലുമാകാതെ കെടക്ക്‌ണ പായീല്‌ തന്നെ തൂറിയും പാത്തിയും കുണ്ടംമുറിയില്‍ കിടപ്പായിട്ട്‌ രണ്ടുമൂന്നു കൊല്ലായി. കെട്ടുപ്രായം കഴിഞ്ഞ്‌ കവുങ്ങ്‌പോലങ്ങട്‌ വളര്‍ന്നുപോയ മൂന്നു പെങ്ങന്മാര്‍. അവരെ തീറ്റിപ്പോറ്റാന്‍ പെടാപ്പാട്‌ പെടുന്ന കുട്ട്യാപ്പു. ഒരൊറ്റ പെങ്ങളെയെങ്കിലും ഏതെങ്കിലുമൊരാണ്‍കോന്തന്‌ ഏല്‌പിച്ചു കൊടുക്കാന്‍ കഴിയാത്തീലുള്ള വ്യസനം ആ കറുത്തിരുണ്ട മുഖത്തങ്ങ്‌ട്‌ നിഴലിപ്പാം.

ഇനി... എഴുത്തിനും വായനക്കുമൊര്‌ ഹരം കിട്ടാനൊര്‌ പ്രേമവും...! ക്യാന്‍സറ്‌ പിടിച്ച്‌ മരിച്ച ഉമ്മച്ചീടെ ഓര്‍മ്മകളുമായി കുടിയനായ തന്തയുടെയും മൂപ്പിലാന്റെ സെക്കന്റ്‌ വൈഫിന്റെയും പീഡനങ്ങള്‍ സഹിച്ച്‌... സഹിച്ച്‌ ഉള്ളുരുകിയുരുകി കഴിയ്‌ണ ഒരു കറുത്ത മുത്ത്‌... പാത്തുമ്മ...! പരിഷ്‌കരിച്ച്‌ പറയാച്ചാ ഫാത്വിമ... ഒന്നൂടെ മൊഞ്ചു കൂട്ടിപ്പറഞ്ഞാല്‍ ഫാത്വിമത്തുസ്സുന്നിറ...!!

``ന്തേയ്‌... പോരേ...!?''

``വാ ഞമ്മക്ക്‌ മടങ്ങാം...!?''

തിരിച്ച്‌ നടക്കുമ്പോള്‍ മനസ്സിലൊരു കഥയുണ്ടായിരുന്നു.
വായനശാലയുടെ വാര്‍ഷികയോഗത്തില്‍ അവതരിപ്പിക്കാന്‍.
.
10 കൊല്ലം മുമ്പ് എഴുതിയ കഥ. 2000 ല്‍ ചന്ദ്രിക വരാന്തപ്പതിപ്പിലും ഓറ മാസികയിലും അച്ചടിച്ചു വന്നിട്ടുണ്ട്.

.................................................................................
My Photo
»¦മുഖ്‌താര്‍¦udarampoyil¦«
email:muktharuda@gmail.com 

ph: 9656271090
blog: »¦മുഖ്‌താറിയനിസം¦mukthaRionism¦« 

5 comments:

MOIDEEN ANGADIMUGAR said...

:)

ഹംസ said...

പല കഥകള്‍ക്കും ആശയം കിട്ടീട്ട്വോള്ളത്‌ തലയും വാലുമില്ലാത്ത കിനാക്കളില്‍ നിന്നാണല്ലോ... അല്ലെങ്കിലുമീ കഥകളൊക്കെ തലയും വാലുമില്ലാത്ത കിനാക്കളല്ലെ...!?

ശരിയാ ... ശരിയാ.. ചിലപ്പോ ഉച്ചയുറക്കം കഴിഞ്ഞു നീക്കുമ്പോഴാ പോസ്റ്റിനുള്ള വകുപ്പ് മനസ്സില്‍ തെളിയാറ്

മുക്താറിസം നിറഞ്ഞ കഥ ചിരിച്ചുകൊണ്ടാണ് വായിച്ചതെങ്കിലും കുട്ട്യാപ്പൂന്‍റെ കുടുംബത്തെ കുറിച്ചെഴുതിയ ആ പാരഗ്രാഫ് മനസ്സില്‍ എവിടയോ കൊണ്ടു.... ....

കഥക്ക് വിഷയം തേടി നടന്നത് നല്ല രസകരമായ ഒരു കഥയായി മാറിയതോര്‍ക്കുപ്പം എന്താപ്പത് കഥ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം..നല്ല രസമുണ്ടായിരുന്നു വായിക്കാന്‍

faisu madeena said...

ഇങ്ങനെയും ഒരു കഥ എഴുതാം അല്ലെ ....!!!!

Naushu said...

രസകരമായി അവതരിപ്പിച്ചു.....

Related Posts with Thumbnails