- മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍
ദേശീയ മാധ്യമങ്ങള്‍ക്ക് ഫത്‌വകള്‍ മികച്ച ഉരുപ്പടി ആകുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ പുതിയ ദയൂബന്ദ് ഫത്‌വ അവ കൈകാര്യം ചെയ്‌ത രീതി ശ്രദ്ധിച്ചാല്‍ മതി. വിവിധ മാധ്യമങ്ങള്‍ തലക്കെട്ട് നല്‌കിയത് ഇങ്ങനെ: മുസ്‌ലിം ഉദ്യോഗസ്ഥകള്‍ക്കെതിരെ ഫത്‌വ (എന്‍ ഡി ടി വി), തൊഴില്‍ സ്ഥലത്ത് സ്‌ത്രീ-പുരുഷ സങ്കലനം അരുതെന്ന് ഫത്‌വ (സീ ന്യൂസ്), മുസ്‌ലിം വനിതകള്‍ ഉദ്യോഗം വഹിക്കരുത്, സ്‌ത്രീപുരുഷ സങ്കലനം പാടില്ലെന്ന് ഫത്‌വ (എന്‍ ഡി ടി വി), സ്‌ത്രീകള്‍ സമ്പാദിക്കുന്നത് ഹറാമെന്ന് ദയൂബന്ദ് (ടൈംസ് ഓഫ് ഇന്ത്യ), സ്‌ത്രീ തൊഴിലെടുക്കുന്നതിനെതിരെ പുതിയ ഫത്‌വ (ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്), ദാറുല്‍ഉലൂം പറയുന്നു, സ്‌ത്രീകള്‍ തൊഴിലെടുക്കരുത് (ഇന്ത്യാ ടുഡേ), പുരുഷന്മാരോട് സംസാരിക്കുന്നത് നിഷിദ്ധം; സ്‌ത്രീ തൊഴിലെടുക്കുന്നതിനെതിരെ പണ്ഡിത ഫത്‌വ (ഡി എന്‍ എ).
ഇത്തരം കത്തുന്ന ഹെഡ്‌ലൈന്‍ നല്‌കി, വാര്‍ത്ത പാകംചെയ്‌തെടുക്കുമ്പോള്‍ ദയൂബന്ദിലെയും മറ്റു യാഥാസ്ഥിതിക സ്ഥാപനങ്ങളിലെയും മുല്ലമാര്‍, മുന്‍കാലത്ത് പുറപ്പെടുവിച്ച ഫത്‌വകള്‍ പൊടിതട്ടിയെടുത്ത് ആവശ്യത്തിന് ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. ദൃശ്യമാധ്യമങ്ങള്‍, ഇതുസംബന്ധിച്ച വാര്‍ത്താപരിപാടികളുടെ വേളകളില്‍ പഴയ ഫത്‌വകള്‍ സ്‌ക്രീനില്‍ സ്‌ക്രോള്‍ ചെയ്‌തുകൊണ്ടിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുത്ത മുസ്‌ലിം പ്രതിനിധികളാവട്ടെ (ഉദാഹരണത്തിന് സി എന്‍ എന്‍-ഐ ബി എന്നിന്റെ `ഫേദ് ദ നാഷന്‍' പരിപാടിയില്‍ പങ്കെടുത്ത ഡല്‍ഹി വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ കമാല്‍ ഫാറൂഖി, ശാദിയ ദഹ്‌ലവി, ശംസിയ ഇല്‍മി തുടങ്ങിയവര്‍) ദയൂബന്ദ് പണ്ഡിതന്മാര്‍ ന്‌കിയ ഫത്‌വയുടെ പൂര്‍ണരൂപം കണ്ടതുപോലുമില്ലെന്ന് തോന്നുന്നു. വാര്‍ത്ത വായിക്കുകയും ടി വി ചര്‍ച്ചകള്‍ വീക്ഷിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സില്‍ അവശേഷിക്കുന്നത്, ഇസ്‌ലാം സ്‌ത്രീവിരുദ്ധവും പ്രാകൃതവുമാണെന്ന ചിത്രം തന്നെയാണ്. അടുത്ത ഒരു ഇടവേള വരെ അതങ്ങനെ നിലനില്‍ക്കുകയും ചെയ്യും!
ഫത്‌വകളും മാധ്യമങ്ങളും
`ഫത്‌വ' എന്നാല്‍ ഇസ്‌ലാമിക മതാധ്യക്ഷന്മാരുടെ ഏകീകൃതവും അലംഘ്യവും ആധികാരികവുമായ `മതവിധി'യാണ് എന്ന പൊതുബോധമാണ് മാധ്യമങ്ങള്‍ സൃഷ്‌ടിച്ചുവെച്ചിട്ടുള്ളത്. അതിനാല്‍ ഒരു വിഷയത്തില്‍ ഏതെങ്കിലും ഒരു പണ്ഡിതന്‍ നല്‌കുന്ന ഫത്‌വയെ അമിത പ്രാധാന്യം നല്‌കി, ഇസ്‌ലാമിന്റെ ആധികാരിക വിധിയായി എഴുന്നള്ളിക്കുന്നു. ഇത് പലപ്പോഴും ദുരുപദിഷ്‌ടമായ ഹീനകൃത്യമായി ഇന്ത്യയില്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വന്തം ഭര്‍തൃപിതാവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഇംറാന എന്ന സ്‌ത്രീക്കെതിരെ ശിക്ഷ വിധിച്ചുകൊണ്ട് ദയൂബന്ദ് നല്‌കിയ ഫത്‌വ വിവാദമായിരുന്നു. ഇത്തരത്തില്‍ ഈ മദ്‌റസ നല്‌കിയ അനേകം ഫത്‌വകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്. അതില്‍ ചിലത് മാധ്യമങ്ങള്‍ ചോദിച്ചുവാങ്ങിയതായിരുന്നു എന്നുപോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. സല്‍മാന്‍ റുഷ്‌ദിക്കെതിരിലും തസ്‌ലീമ നസ്‌റീനെതിരിലുമുള്ള ഫത്‌വകള്‍ക്കും വമ്പന്‍ പ്രാധാന്യം മാധ്യമങ്ങള്‍ നല്‌കുകയുണ്ടായി. ഫത്‌വകള്‍ മുസ്‌ലിം പണ്ഡിതരുടെ ഏകോപിത അഭിപ്രായമല്ലെന്ന സാമാന്യസത്യം മാധ്യമങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു. മാത്രമല്ല, പക്വവും മധ്യമവും ഇസ്‌ലാമിന്റെ മാനുഷിക മുഖം പ്രതിഫലിപ്പിക്കുന്നതുമായ ഫത്‌വകള്‍ക്ക് മാധ്യമങ്ങില്‍ ഇടംകിട്ടാറില്ല താനും. ഫത്‌വ, ചില സവിശേഷ പണ്ഡിതന്മാരുടെ കേവല അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണെന്നും അത്തരം ഫത്‌വകളോട് വിയോജിച്ചുകൊണ്ടുള്ള ഗവേഷണങ്ങള്‍ക്കും അഭിപ്രായ പ്രകടനത്തിനും പണ്ഡിതന്മാര്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങള്‍ തന്നെ അനുമതി നല്‌കുന്നുണ്ടെന്നുമുള്ള വസ്‌തുത, മാധ്യമങ്ങള്‍ കാണാതെ പോകുന്നു. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു.
ദയൂബന്ദ് എന്ന വിവാദകേന്ദ്രം
ഉത്തര്‍പ്രദേശിലെ പാരമ്പര്യ മദ്‌റസകളില്‍ ഏറ്റവും പ്രമുഖമായ ദയൂബന്ദ് ദാറുല്‍ഉലൂം ഉമ്മുല്‍ മദാരിസ് (മദ്‌റസകളുടെ മാതാവ്) എന്നാണറിയപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സംഘടിത പണ്ഡിതസഭയാണ് ദയൂബന്ദ്. ഇന്ത്യയ്‌ക്കു പുറമെ പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ദയൂബന്ദിന് സ്വാധീനമുണ്ട്. ആയിരക്കണക്കിന് മക്‌തബകളും മദ്‌റസകളും പള്ളികളും ഈ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, പൊതുദൃഷ്‌ടിയില്‍ മുസ്‌ലിംകളുടെ സുപ്രധാന `മതസഭ'യായി ദയൂബന്ദ് ഗണിക്കപ്പെടുന്നു.
ശാസ്‌ത്രം, ചരിത്രം, ഭാഷ, സാഹിത്യം തുടങ്ങിയ ഭൗതിക വിഷയങ്ങളെ പടിപ്പുറത്തു നിര്‍ത്തുന്ന പ്രാചീനമായ മതപഠനരീതിയാണ് ഉത്തരേന്ത്യയിലെ മിക്ക മതവിദ്യാലയങ്ങളും ഇന്നും പിന്തുടരുന്നത്. പേരിന് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പഠനം പോലെ ചിലത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദയൂബന്ദ് ദാറുല്‍ഉലൂമിന്റെയും ഇന്നത്തെ സ്ഥിതി വ്യത്യസ്‌തമല്ല. അതിനാല്‍ അവിടെയുള്ള പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ലോകബോധവും വീക്ഷണ ചക്രവാളവും അതീവ ദരിദ്രമാവുക സ്വാഭാവികം മാത്രം. മതത്തെ വെറും അക്ഷരങ്ങളിലൂടെ മാത്രം നോക്കിക്കാണുകയും മതത്തിന്റെ മാനവികതലങ്ങളും ആന്തരിക വിശാലതയും കാണാന്‍ ഭാഗ്യം സിദ്ധിക്കാതിരിക്കുകയും ചെയ്യുന്ന മുല്ലമാരാണ് ദയൂബന്ദിനെ നയിക്കുന്നത്. മധ്യ നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഹനഫീ മദ്‌ഹബിലെ ഫിഖ്‌ഹ് കിതാബുകള്‍ക്ക് അപ്പുറത്തേക്ക് ഇസ്‌ലാമിക ചിന്തയെ നയിക്കാനുള്ള കെല്‌പ് അവരില്‍ നിന്ന് പ്രതീക്ഷിക്കാനുമാവില്ല. ഈ പരിമിതിയാണ് ദയൂബന്ദിന്റെ നിലപാടുകളെ അതി യാഥാസ്ഥിതികവും കാലവിരുദ്ധവുമാക്കിത്തീര്‍ക്കുന്നത്.
ഫത്‌വകളുടെ സ്‌ത്രീവിരുദ്ധത
ദയൂബന്ദിന്റെ വെബ്‌സൈറ്റില്‍ ഫത്‌വകള്‍ക്ക് പ്രത്യേകമായി പേജുണ്ട്. ഇതില്‍ നാലായിരത്തോളം ഫത്‌വകള്‍ കാണാം. ദാറുല്‍ ഇഫ്‌ത നല്‌കുന്ന ഫത്‌വകളാണ് ഇതില്‍ ക്രോഡീകരിച്ചിട്ടുള്ളത്. (www.darulifta-deoband.org). സ്‌ത്രീ പ്രശ്‌നങ്ങളിലുള്ള ഫത്‌വകള്‍ പ്രത്യേകം ഭാഗമായി ചേര്‍ത്തിട്ടുണ്ട്. നൂറോളം വരുന്ന ഈ ഫത്‌വകള്‍ പരിശോധിച്ചാല്‍, ഈ പണ്ഡിതസഭയുടെ സ്‌ത്രീ കാഴ്‌ചപ്പാട് എത്രമേല്‍ മാനവിക വിരുദ്ധവും പ്രതിലോമകരവുമാണെന്ന് കാണാന്‍ കഴിയും. സ്‌ത്രീ വെറും ഒരു ഭോഗവസ്‌തുവും പുരുഷന്റെ ഉപകരണവുമാണെന്ന സങ്കല്‌പമാണ് ഇസ്‌ലാമിനുള്ളതെന്ന് ഈ ഫത്‌വകള്‍ വായിക്കുന്നവര്‍ക്ക് തോന്നിപ്പോയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. സ്‌ത്രീകളുടെ വ്യക്തിത്വമോ അവരുടെ സാമൂഹികമായ ദൗത്യമോ അംഗീകരിക്കാന്‍ മടിക്കുന്ന ഇത്തരം ഫത്‌വകള്‍, സ്‌ത്രീ മൊത്തത്തില്‍ `ലൈംഗികവസ്‌തു'വാണെന്നാണ് പ്രേഷണം ചെയ്യുന്നത്. സ്‌ത്രീകള്‍ മുഖം മറയ്‌ക്കാതെ നടക്കാന്‍ പാടില്ല,
കണ്ണുകള്‍ കൂടി മറയ്‌ക്കുന്നതാണ് ഉത്തമം, വാഹനം ഓടിക്കാന്‍ പാടില്ല, സ്‌ത്രീയുടെ ശബ്‌ദവും `ഔറത്താ'ണ് എന്നിങ്ങനെ അങ്ങേയറ്റം സ്‌ത്രീവിരുദ്ധമായ നിലപാടുകളാണ് വിവിധ `ഫത്‌വ'കളില്‍. സ്‌ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാമോ എന്ന പ്രശ്‌നത്തിന് അത് അഭിലഷണീയമല്ല എന്ന മറുപടിയാണ് നല്‌കിയിരിക്കുന്നത്. കാരണം, ഓഫീസുകളില്‍ മുഹര്‍റമിനെ അഭിമുഖീകരിക്കേണ്ടിവരും. ഇനി മുഖംമൂടി ധരിക്കാമെന്നുവെച്ചാലും പുരുഷന്മാരോട് സംസാരിക്കേണ്ടിവരും. സംസാരിത്തിലൂടെ നഗ്‌നത (ഔറത്ത്) വെളിവാകും. പരസ്‌പരം ഇടകലരാനുള്ള കാരണമുണ്ടായിത്തീരും. അത് ഫിത്‌ന ഉണ്ടാക്കും. തന്നെയുമല്ല, മകളുടെ സാമ്പത്തികബാധ്യത പിതാവിനും ഭാര്യയുടേത് ഭര്‍ത്താവിനുമായതിനാല്‍ സ്‌ത്രീ തൊഴില്‍ ചെയ്യേണ്ട ആവശ്യമുദിക്കുന്നില്ലെന്നാണ് ഫത്‌വ (ജൂണ്‍ 25, 2008) പറയുന്നത്.
വിവാദ ഫത്‌വ
ദയൂബന്ദ് വെബ്‌സൈറ്റിലെ ഫത്‌വാ വിഭാഗത്തില്‍ 21031 ആയി നല്‌കിയ ഫത്‌വ ഇപ്രകാരമാണ്: ``ചോദ്യം: ഒരു മുസ്‌ലിം സ്‌ത്രീക്ക് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി സ്വീകരിക്കാമോ? അങ്ങനെ ചെയ്യാമെങ്കില്‍ അവളുടെ ശമ്പളം ഹലാലോ ഹറാമോ? ഉത്തരം: സ്‌ത്രീകളും പുരുഷന്മാരും ഒന്നിച്ച് തൊഴിലെടുക്കുകയും മുഖംമൂടിയില്ലാതെ സ്വതന്ത്രമായി പരസ്‌പരം സംസാരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു മുസ്‌ലിം സ്‌ത്രീ ഉദ്യോഗം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്.''
പ്രമാണവിരുദ്ധമായ, ഇസ്‌ലാമിക ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത ഈ ഫത്‌വ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് മുസ്‌ലിം സമുദായത്തിന് വരുത്തിവെക്കുക. ഈ ഫത്‌വ അനുസരിച്ചാല്‍, ജനപ്രതിനിധിസഭകളിലേക്ക് മുസ്‌ലിം സ്‌ത്രീക്ക് മത്സരിക്കാനാകില്ല. കാരണം, പഞ്ചായത്ത് മുതല്‍ ലോകസഭ വരെ പുരുഷന്മാരുമുണ്ടായിരിക്കും. സ്‌ത്രീ സംവരണ നിയമപ്രകാരം 33 ശതമാനം സീറ്റുകളില്‍ സ്‌ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരമൊരുങ്ങുമ്പോള്‍, പണ്ഡിത ഫത്‌വകള്‍ മത്സരത്തില്‍ നിന്ന് അവരെ വിലക്കുന്നു. ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ അത് മുസ്‌ലിംകള്‍ക്ക് കനത്ത നഷ്‌ടമാണ് വരുത്തുക.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗത്തെക്കാള്‍ പുറകിലാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും മിശ്രകമ്മിറ്റി റിപ്പോര്‍ട്ടിലുമൊക്കെ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം സ്‌ത്രീ പ്രാതിനിധ്യം അതിലേറെ പിന്നാക്കമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നിരിക്കെ, മിശ്രവ്യവസ്ഥ നിലവിലുള്ള സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും മുസ്‌ലിം പെണ്‍കുട്ടികളെ പുറകോട്ടുവലിക്കാനാണ് മുല്ലമാരുടെ ഫത്‌വകള്‍ ഉപകരിക്കുക. സര്‍ക്കാര്‍ ഉദ്യോഗരംഗത്തും അതുതന്നെയാവും ഫലം. നിഖാബ് ധരിച്ച സ്‌ത്രീകള്‍ മാത്രമുള്ള തൊഴിലിടങ്ങള്‍ ഇന്ത്യയില്‍ സാധ്യമാണോ? ഉല്‍പാദന, നിര്‍മാണ, സേവനരംഗങ്ങളിലും സാമൂഹ്യരംഗങ്ങളിലും മുഖംമൂടിയണിയുകയും പുരുഷന്മാരെ മാറ്റിനിര്‍ത്തുകയും ചെയ്‌തുകൊണ്ട് സ്‌ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ?
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒട്ടുമിക്കതിലും മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ അതീവ ദയനീയമാണ്. പട്ടിണിയും രോഗങ്ങളും പൊറുതിമുട്ടിക്കുന്ന പാവപ്പെട്ട മുസ്‌ലിംകള്‍ തെരുവുകളിലും ഗെറ്റോകളിലുമാണ് അന്തിയുറങ്ങുന്നത്. അവരുടെ പശിയടക്കണെങ്കില്‍ സ്‌ത്രീകള്‍ കൂടി തൊഴിലെടുക്കേണ്ടിവരും. ഈ ദയനീയ സ്ഥിതിക്ക് മാറ്റംവരുത്താന്‍ യാതൊരുവിധ ശ്രമവും നടത്താന്‍ മുന്നോട്ടുവരാത്ത പണ്ഡിത നേതൃത്വം മതതാല്‌പര്യത്തിന് നിരക്കാത്തതും അപ്രായോഗികവുമായ ഫത്‌വകള്‍ പുറപ്പെടുവിച്ച് സമൂഹമധ്യേ അവഹേളനം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ലോകത്തെ ഇസ്‌ലാമിക സമൂഹങ്ങളിലും മുസ്‌ലിം രാജ്യങ്ങളിലും സ്‌ത്രീകള്‍ക്ക് ധാരാളമായി അവസരം ലഭിക്കുകയും അവരുടെ സാമൂഹ്യപദവി വിപുലീകരിക്കുകയും സ്‌ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കിവരികയും ചെയ്യുന്ന സമകാലിക സന്ദര്‍ഭത്തില്‍ ദയൂബന്ദില്‍ നേരംവെളുക്കാതെ പോയതിന് എന്തുചെയ്യാന്‍ കഴിയും? എന്നാല്‍ ഈ ദൈന്യതയെ ആഘോഷിക്കാനൊരുങ്ങുന്ന മാധ്യമപ്രഭുക്കളോടാണ് സഹതാപം തോന്നുന്നത്!
സ്‌ത്രീകളുടെ അവകാശാധികാരങ്ങള്‍ സംബന്ധിച്ച്, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ള അന്വേഷണങ്ങളും നിയമനിര്‍ധാരണവും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരികയാണ്. പല മുസ്‌ലിം രാജ്യങ്ങളിലും നിയമങ്ങളില്‍ തന്നെ സ്‌ത്രീ-സൗഹൃദപരമായ നവീകരണങ്ങള്‍ നടന്നുകഴിഞ്ഞു. ലോകത്ത് നിലവിലുള്ള ഫിഖ്‌ഹ്, പഴയകാലത്തിന്റെ ലോകസാഹചര്യത്തിന്റെ സൃഷ്‌ടിയാണെന്നും പുതിയ കാലത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ഇജ്‌തിഹാദുകള്‍ ആവശ്യമാണെന്നുമാണ് ആധുനിക മുസ്‌ലിം ചിന്തകന്മാരുടെ നിലപാട്. സ്‌ത്രീകള്‍ക്ക് ഇസ്‌ലാം നല്‌കുന്ന പങ്കും പ്രാധാന്യവും വിസ്‌മരിക്കുന്ന, അനീതി നിറഞ്ഞ നിലപാടുകളും ഖുര്‍ആനിന്റെ നൈതിക തത്വങ്ങളെ അവഹേളിക്കുന്ന വിവേചനപരമായ സാമൂഹ്യസമീപനങ്ങളും ചോദ്യംചെയ്യുന്ന പഠനങ്ങള്‍ ഈയിടെ മുസ്‌ലിം സ്‌ത്രീകളുടെ മുന്‍കൈയോടെ തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതൊന്നും കാണാതെ, പത്താംനൂറ്റാണ്ടില്‍ ഇരുന്നുകൊണ്ട് ഫത്‌വ തയ്യാറാക്കുന്നതാണ് ദയൂബന്ദ് മുഫ്‌തിമാര്‍ ചെയ്യുന്ന അപരാധം.
പര്‍ദയ്‌ക്കും മിനാരത്തിനും ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കുമെതിരെ പാശ്ചാത്യശക്തികള്‍ വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഇസ്‌ലാം സ്‌ത്രീസ്വാതന്ത്ര്യവും മാനവികമൂല്യങ്ങളും ഹനിക്കുകയും ഹിംസപ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന മുറവിളി ഉയരുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍, അപ്രസക്തമായ ഫത്‌വകളിറക്കി ശത്രുക്കള്‍ക്ക് വടി നല്‌കാതിരിക്കാനുള്ള വിവേകം മതപണ്ഡിതന്മാര്‍ കാണിക്കാതിരിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരം തന്നെ. അത്തരം പണ്ഡിതന്മാരെ വിവാദങ്ങളിലേക്ക് വലിച്ചിറക്കി, പൊതുനിരത്തില്‍ ഭേദ്യംചെയ്യുന്ന മാധ്യമശിരോമണികളുടെ മനോനിലയാണ് അതിലേറെ പരിതാപകരം! l
.
കടപ്പാട്: ശബാബ് വാരിക
![]() | ![]() | ![]() |
6 comments:
പര്‍ദയ്‌ക്കും മിനാരത്തിനും ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കുമെതിരെ പാശ്ചാത്യശക്തികള്‍ വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുകയും ഇസ്‌ലാം സ്‌ത്രീസ്വാതന്ത്ര്യവും മാനവികമൂല്യങ്ങളും ഹനിക്കുകയും ഹിംസപ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന മുറവിളി ഉയരുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍, അപ്രസക്തമായ ഫത്‌വകളിറക്കി ശത്രുക്കള്‍ക്ക് വടി നല്‌കാതിരിക്കാനുള്ള വിവേകം മതപണ്ഡിതന്മാര്‍ കാണിക്കാതിരിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരം തന്നെ. അത്തരം പണ്ഡിതന്മാരെ വിവാദങ്ങളിലേക്ക് വലിച്ചിറക്കി, പൊതുനിരത്തില്‍ ഭേദ്യംചെയ്യുന്ന മാധ്യമശിരോമണികളുടെ മനോനിലയാണ് അതിലേറെ പരിതാപകരം!
അതെ,
'ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒട്ടുമിക്കതിലും മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ അതീവ ദയനീയമാണ്. പട്ടിണിയും രോഗങ്ങളും പൊറുതിമുട്ടിക്കുന്ന പാവപ്പെട്ട മുസ്‌ലിംകള്‍ തെരുവുകളിലും ഗെറ്റോകളിലുമാണ് അന്തിയുറങ്ങുന്നത്. അവരുടെ പശിയടക്കണെങ്കില്‍ സ്‌ത്രീകള്‍ കൂടി തൊഴിലെടുക്കേണ്ടിവരും. ഈ ദയനീയ സ്ഥിതിക്ക് മാറ്റംവരുത്താന്‍ യാതൊരുവിധ ശ്രമവും നടത്താന്‍ മുന്നോട്ടുവരാത്ത പണ്ഡിത നേതൃത്വം മതതാല്‌പര്യത്തിന് നിരക്കാത്തതും അപ്രായോഗികവുമായ ഫത്‌വകള്‍ പുറപ്പെടുവിച്ച് സമൂഹമധ്യേ അവഹേളനം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ലോകത്തെ ഇസ്‌ലാമിക സമൂഹങ്ങളിലും മുസ്‌ലിം രാജ്യങ്ങളിലും സ്‌ത്രീകള്‍ക്ക് ധാരാളമായി അവസരം ലഭിക്കുകയും അവരുടെ സാമൂഹ്യപദവി വിപുലീകരിക്കുകയും സ്‌ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കിവരികയും ചെയ്യുന്ന സമകാലിക സന്ദര്‍ഭത്തില്‍ ദയൂബന്ദില്‍ നേരംവെളുക്കാതെ പോയതിന് എന്തുചെയ്യാന്‍ കഴിയും? എന്നാല്‍ ഈ ദൈന്യതയെ ആഘോഷിക്കാനൊരുങ്ങുന്ന മാധ്യമപ്രഭുക്കളോടാണ് സഹതാപം തോന്നുന്നത്!'
നല്ല ലേഖനം.
എല്ലാ പ്രശ്നങ്ങള്‍ക്കും മൂല കാരണം മൌദൂതിയുടെയും ഹസനുല്‍ ബന്നയുടെയും പുസ്തകങ്ങളല്ലേ!!!
"ലോകത്തെ ഇസ്‌ലാമിക സമൂഹങ്ങളിലും മുസ്‌ലിം രാജ്യങ്ങളിലും സ്‌ത്രീകള്‍ക്ക് ധാരാളമായി അവസരം ലഭിക്കുകയും അവരുടെ സാമൂഹ്യപദവി വിപുലീകരിക്കുകയും സ്‌ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കിവരികയും ചെയ്യുന്ന സമകാലിക സന്ദര്‍ഭത്തില്‍ ദയൂബന്ദില്‍ നേരംവെളുക്കാതെ പോയതിന് എന്തുചെയ്യാന്‍ കഴിയും? എന്നാല്‍ ഈ ദൈന്യതയെ ആഘോഷിക്കാനൊരുങ്ങുന്ന മാധ്യമപ്രഭുക്കളോടാണ് സഹതാപം തോന്നുന്നത്!"
- യഥാര്‍ത്ഥത്തില്‍ സഹതാപം തോന്നേണ്ടത് ആരോടാണ്? ആയിരത്തി നാന്നൂറ് വര്ഷം കഴിഞ്ഞിട്ടും നേരം വെളുക്കാതവരോടോ അത് പുറത്തു കൊണ്ടുവരുന്ന മാധ്യമങ്ങളോടോ? ദയനീയം തന്നെ കോയാ...
@ ഇസ്ലാമിക സമൂഹം ലോകത്ത് ഇകഴ്തപ്പെടുന്നതിനു കാരണം സമുദായത്തിലെ പണ്ഡിതന്മാരുടെ സൂക്ഷ്മതയില്ലാത്ത്ത ഇടപെടലുകള്‍ മൂലമാണെന്ന് പറയാതെ വയ്യ . പരിശുദ്ധ ഇസ്ലാമിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ പ്രമാണങ്ങളില്‍ നിന്നും തെളിവുകള്‍ സഹിതം ഉദ്ധരിച്ചു സമുദായ അംഗങ്ങളെ ഇഹ പര ലോക വിജയത്തിനു സഹായിക്കുകയാണ് ഒരു യഥാര്‍ത്ഥ പണ്ഡിതന്‍ ചെയ്യേണ്ടത് . എന്നാല്‍ തെളിവ് ചോദിക്കാത്ത സമുദായ അംഗങ്ങളും തെളിവ് ഉദ്ധരിക്കാത്ത പണ്ഡിതന്മാരും ജീവിക്കുന്ന നാട്ടില്‍ സമുദായം എന്നും പിന്നോക്കം തന്നെ ആയിരിക്കും . അത് മാധ്യമങ്ങള്‍ക്കും മറ്റു പലര്‍ക്കും വീണു കിട്ടിയ ഇരയാകും . അവര്‍ എത്ര മാത്രം ആഘോഷിക്കാമോ അത്രയും ആഘോഷിക്കും .
ഒരു പുസ്തകം വായിച്ചാല്‍ തിരിഞ്ഞു പോകുന്ന "പുത്തി" യോ കാലാ...കഷ്ടം തന്നെ ട്ടോ..(മാധ്യമങ്ങളുടെ ഈ മുഖം മുസ്ലിംങ്ങള്‍ എന്നു തിരിച്ചറിയാന്‍..)
Post a Comment