നിന്റെ കീശേല് എത്ര കൊരട്ട പിടിക്കും ?


റോഡ്‌ മ്മന്നു വീണു കിട്ടുന്ന *കൊരട്ട ചുട്ടു തിന്നരുത്.
*വൈന്നേരം , കൈപ്പാടിനിപ്പറത്തെ
രാമേട്ടന്റ *കണ്ടത്തില്‍ *സൊണ്ണ്  കളിക്കാന്‍ പോണം,
*ഗോട്ടിക്ക് പകരം കൊരട്ട കൊണ്ട്
സൊണ്ണ്  കളിയ്ക്കാന്‍ വിളിക്കണം,
 മൂക്കിളിയന്‍ ഗോപു , എന്നെ കൂട്ടാണ്ട്
*രാക്കുണ്ടേ പറക്കിയതെല്ലാം തിരിച്ചു പിടിക്കണം.

ഞായറാഴ്ച അമ്മൂന്റെ എട്ടനേം കൂട്ടി
മാപ്ലേന്റെ പറമ്പില്‍ കൊരട്ട *മാട്ടാന്‍ പോണം.

തൊണ്ട കുത്തുന്ന *കരിചി മാങ്ങ അമ്മൂന്റെ എട്ടന്,
പിളര്‍ക്കുമ്പോള്‍ വായിലെന്ന പോലെ വെള്ളം ചാടുന്ന
പഴുത്ത മാങ്ങ എനക്കും അമ്മൂനും ..

കളിയ്ക്കാന്‍ പോവുമ്പോള്‍ ഇടുന്ന ട്രൌസറിന്റെ
കീശേല്  കൃത്യായിട്ട് 23  കൊരട്ട പിടിക്കും.
ഒരു കീശ കൊരട്ടക്ക് മൂന്നുറുപ്യ കിട്ടും,
അത് കൂട്ടി വെച്ചിട്ട്  വേണം
വിഷൂനു നൂറു ഉറുപ്യെന്റെ വെടി മേണിക്കാന്‍..!!


  പിന്കുറിപ്പ് :

ഒറ്റയ്ക്കിരിക്കുമ്പോള്‍
മഴ നനഞ്ഞ ആമ്പലിന്റെ
മണമുള്ള നിന്റെ ഓര്‍മകളുമായി
ഒരു നിശാ  കാറ്റ്  ഇടയ്ക്കിടെ
വന്നു പോകാറുണ്ട്...


* കൊരട്ട :കശുവണ്ടി
ഗോട്ടി : ഗോലി
സൊണ്ണ്  : ഒരു തരാം നാടന്‍ ഗോലി കളി
രാക്കുണ്ടേ : അതിരാവിലെ
മാട്ടുക : മോഷ്ടിക്കുക
കരിചി മാങ്ങ : മൂക്കാത്ത കശുമാങ്ങ,  തിന്നാല്‍ തൊണ്ട കുത്തി ചുമക്കും
കണ്ടം : പാടം
വൈന്നേരം: വൈകുന്നേരം
ഇനിയും അര്‍ഥം കിട്ടാത്തവ ഉണ്ടെങ്കില്‍, ചോദിച്ചാല്‍ പറഞ്ഞു തരുന്നതായിരിക്കും

ഈ ഉടായിപ്പുകളോട് സഹതപിക്കുക

മ്മള്‍   പണം കൊടുത്തു വാങ്ങി വീടിന്‍റെ  അകത്തളങ്ങളില്‍ 
സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ടെലിവിഷന്‍ വിളമ്പുന്ന ചൂടേറിയതും  
ആറിയതും ചിലപ്പോഴൊക്കെ നാറിയതുമായ വിഭവങ്ങളോട് തത്സമയം 
പ്രതികരിക്കാന്‍ അതിന്‍റെ മുന്‍പിലിരിക്കുന്ന ശ്രോദ്ദാവിന്  ഒരു വകുപ്പുമില്ല എന്നത് കൊണ്ടാണ് പല അവതാരകര്‍ക്കും വീണ്ടും ഇളിച്ചുകൊണ്ട്  പ്രത്യക്ഷപ്പെടാന്‍ 
സാധിക്കുന്നത്. അറ്റ കൈക്ക്  വേണമെങ്കില്‍   ടി വി തല്ലിപ്പൊട്ടിക്കുകയോ കൈവെള്ളയില്‍
അമര്‍ത്തിക്കടിക്കുകയോ   പല്ലിറുമ്മി അസ്വസ്ഥരാവുകയോ  ചെയ്യാം  എന്നല്ലാതെ
മറ്റെന്തു കഴിയും?ആനുകാലിക വിഷയങ്ങളുടെ  അവലോകനം എന്ന ഗണത്തില്‍
മലയാളത്തിലെ വിവിധ ചാനലുകള്‍ വൈവിധ്യ രൂപേണ
പലതും ഒരുക്കിയിട്ടുണ്ട്.
പകഷെ ലോകത്തിന്‍റെ അഷ്ടദിക്കുകളില്‍
നിന്ന് ലക്ഷക്കണക്കിനാളുകള്‍ ഇതെല്ലാം
വീക്ഷിക്കുന്നുന്ടെന്നും അവരെല്ലാം
'ച്വോറ്' തിന്നുന്ന മനുഷ്യര്‍ തന്നെയാനെന്നുമുള്ള
യാതൊരു ബോധവുമില്ലാതെ
ചില അവതാരകര്‍  വലിയ ആരവത്തോടെ
എഴുന്നള്ളി വരുന്നത് കാണുമ്പോള്‍
ഒരു പത്തുകിലോ സഹതാപമെങ്കിലും
തോന്നിപ്പോകും! അങ്ങുമിങ്ങും നിന്നെടുത്ത വീഡിയോ
ക്ലിപ്പിങ്ങുകള്‍ എഡിറ്റു ചെയ്ത് അവതാരകന്‍റെ വകയായുള്ള  വളിപ്പന്‍ ചോദ്യങ്ങള്‍ക്ക് അത്
മറുപടിയായി കാണിക്കലാണ്  ഇവന്മാരുടെ പ്രധാന പ്രകടനം. നേഴ്സറിയിലും  
എല്‍ പി സ്കൂളിലുമൊക്കെ പഠിക്കുന്ന കൊച്ചു കിടാങ്ങളുടെ കരച്ചില്‍ മാറ്റാന്‍ ഇത്തരം
'വഹകള്‍' ചിലപ്പോള്‍ സഹായകമായേക്കും.അതല്ലാതെ പ്രേക്ഷകന്റെ നിലവാരത്തെയും  
മനോനിലയെയും ഇത്രമേല്‍ താഴ്ത്തിക്കാണുന്ന  ഈ വക എടാകൂടങ്ങള്‍  മാന്യമായി
പറഞ്ഞാല്‍ ഒരു തരം  പിണ്ണാക് പരിപാടിയാണ്.പത്രസമ്മേളനങ്ങളിലും പ്രഭാഷണ
വേദികളിലും അഭിമുഖങ്ങളിലും നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും പ്രസ്താവനകളേയും
യാതൊരു പുലബന്ധവുമില്ലാത്ത രൂപത്തില്‍ ഏച്ചുകെട്ടി അവതരിപ്പിക്കുന്നത്‌
ഒരു നാലാംകിട തറ പരിപാടിയായിട്ടെ  തോന്നിയിട്ടുള്ളൂ.
പഴയ സിനിമാ ഗാനങ്ങളുടെയും ക
വിതകളുടെയുമൊക്കെ ഈരടികള്‍
ആസ്ഥാനത് ചേര്‍ത്ത് ദൃശ്യത്തിനു
അവതാരകന്‍ ഉദ്ദേശിക്കുന്ന ധ്വനി
വരുത്തലാണ്  മറ്റൊരു വിക്രിയ.
ബഹുകേമം എന്നല്ലാതെ എന്നാ
പറയാനാ.പൊതുരംഗത്തും
സാഹിത്യമേഘലയിലുമോക്കെയുള്ള
പലരുടെയും സംസാരത്തോടു    
ചേര്‍ത്ത് മനുഷ്യന്‍റെയും മൃഗങ്ങളുടെയുമൊക്കെ 
അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഇത്തരം എഡിറ്റര്‍മാര്‍ 
മിടുക്ക് കാണിക്കാറുണ്ട്. അല്‍പദിവസങ്ങള്‍ക്കു മുന്‍പ് 
ഒരു രാഷ്ട്രീയനേതാവിന്‍റെ പത്രസമ്മേളനവും ഒരു തെരുവ് പട്ടി 
കാറി ക്കുരക്കുന്നതും ഒരുമിച്ചു കാണിച്ചാണ് ഒരു ചാനല്‍  
തങ്ങളുടെ ഉടായിപ്പിനു മോടികൂട്ടിയത്.  ആക്ഷേപ ഹാസ്യം
എന്നതിന് പകരംആഭാസ ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക.
എതായിരുന്നാലും, ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക്‌
മാത്രമാവും 'മഹാഭാഗ്യം' കിട്ടി ക്കാണുക.!!
എന്തരോ...............ഏത്...........? 

  
Related Posts with Thumbnails