ഹിജഡകളുടെ ജീവിതം ഈ ക്യാമറ പോസ്‌ററുമോര്‍ട്ടം ചെയ്യുന്നു


മനുഷ്യാവകാശലംഘനങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലാണ്‌ നമ്മുടെയൊക്കെ ജീവിതം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എണ്ണിയാലൊടുങ്ങാത്ത സംഘടനകളുടെയും വ്യക്തികളുടെയും പെരുമഴകള്‍ക്കിടയിലേക്കുമാണ്‌ അത്തരം സംഭവങ്ങള്‍ ഓരോന്നും പിറന്നുവീഴുന്നതും. പക്ഷെ അവക്കൊരിക്കലും അറുതികളുണ്ടാവുന്നില്ല. ഇരകള്‍ക്കോ നീതിലഭിക്കുന്നുമില്ല.അത്തരം ഒരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്‌ ആണും പെണ്ണുമല്ലാത്ത ചില ജന്മങ്ങളുടെ അവകാശങ്ങളിലേക്കും ആചാരങ്ങളിലേക്കും നമുക്ക്‌ കണ്ടും കേട്ടും പരിചിതമല്ലാത്ത ജീവിതപരിസരങ്ങളിലേക്കും പി അഭിജിത്തെന്ന ന്യൂസ്‌ഫോട്ടോഗ്രാഫര്‍ നമ്മെ കൂട്ടികൊണ്ടുപോകുന്നത്‌. ഹിജഡ എന്ന്‌ പേരിട്ട ഈ പുസ്‌തകത്തില്‍ കുറെ ജീവിതങ്ങളുടെ സങ്കടക്കരച്ചിലുകള്‍ അഭിജിത്ത്‌ പകര്‍ത്തിവെച്ചിരിക്കുന്നു. വ്യര്‍ഥജന്മങ്ങളുടെ നെടുവീര്‍പ്പുകള്‍ക്ക്‌ താഴെ ക്യാമറകൊണ്ട്‌ കവിതകുറിച്ചിരിക്കുന്നു. അറിയാത്തൊരുലോകത്തിലേക്കെത്തിയതിന്റെ ആകാംക്ഷയും അമ്പരപ്പും അനുവാചകര്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്‌തമായ ചെറുകഥയായ ഭൂമിയുടെ അവകാശികളില്‍ പാമ്പും പഴുതാരയും പാറ്റയും പൂമ്പാറ്റയും ഉറുമ്പും..... എല്ലാം ഈ ഭൂമിയുടെ അവകാശികളാണെന്ന്‌ സമര്‍ഥിക്കുന്നു കഥാകാരന്‍. അവരോട്‌ മനുഷ്യന്‍ കാണിക്കുന്ന അവകാശലംഘനങ്ങളെക്കുറിച്ചാണ്‌ കഥാകാരന്‍ ഉത്‌കണ്‌ഠപ്പെടുന്നത്‌. പക്ഷെ അവിടെയും ഇടംകിട്ടാതെപോയ ചിലജീവിതങ്ങളുണ്ടെന്നും അവരും മനുഷ്യരാണെന്നും തിരിച്ചറിഞ്ഞിട്ട്‌ കാലമേറെയായെങ്കിലും ഇന്നും നാമവരെ അംഗീകരിച്ചിട്ടില്ല.


മനുഷ്യന്‍ എന്ന്‌പറയുമ്പോള്‍ ഒന്നുകില്‍ ആണ്‌. അല്ലെങ്കില്‍ പെണ്ണ്‌. ഇതാണ്‌ പരമ്പരാഗതസങ്കല്‍പം. എന്നാല്‍ ആണും പെണ്ണുമല്ലാതെ മറ്റൊരുലിംഗവിഭാഗവും ഈഭൂമുഖത്തുണ്ട്‌.ആണ്‍ശരീരത്തിലെ പെണ്‍മനസുകളും പെണ്‍ശരീരത്തിലെ ആണ്‍മനസുകളുമാണവര്‍ക്ക്‌. അതായത്‌ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷ്‌ണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം സ്‌ത്രീസ്വഭാവത്തില്‍ വികസിക്കുന്നു. ശരീരമാകെ പുരുഷരൂപത്തിലേക്ക്‌ മാറുകയും ചെയ്യുന്നു.


അല്ലെങ്കില്‍ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം പെണ്ണായി നിലനില്‍ക്കുന്നു. കുട്ടി ജനിച്ച്‌ പുരുഷ അവയവങ്ങളോടെ വളരുമ്പോഴും തച്ചോറും മനസും പെണ്‍ഭാവമായതിനാല്‍ സ്വയം പെണ്ണായിമാറുകയും ചെയ്യുന്നു. അങ്ങനെയുള്ള ചിലജീവിതങ്ങളുടെ സങ്കടങ്ങളുടെ കടലിരമ്പങ്ങളേയും അവഗണനകളുടെ ഘോഷയാത്രകളെയും കുറിച്ചുള്ള സ്‌തോഭജനകമായ കാഴ്‌ചകളുടെ പുസ്‌തകമാണിത്‌. അവരും ഭൂമിയുടെ അവകാശികളാണ്‌. അവര്‍ക്കും അവരുടേതായ വ്യക്തിത്വത്വവും അവകാശങ്ങളും ഉണ്ടെന്നും അവരെയും മനുഷ്യരായി സമൂഹം അംഗീകരിക്കണമെന്നുമാണ്‌ അഭിജിത്ത്‌ ഈ ക്യാമറാഴ്‌ചകളിലൂടെ സമൂഹത്തോട്‌ ഉറക്കെവിളിച്ച്‌ പറയുന്നത്‌.


വ്യത്യസ്‌തജന്മമാകുമ്പോള്‍ തന്നെ അവരുടെ ജീവിതരീതികളും മാറുന്നു. ആചാരങ്ങളില്‍ അസ്വഭാവികത കടന്നുകൂടുന്നു. അന്ധവിശ്വാസമെന്ന്‌ നമുക്ക്‌ തോന്നുമെങ്കിലും അവരുടെ വിശ്വാസങ്ങള്‍ അങ്ങനെയൊക്കെയാണ്‌. അവയെ തിരുത്തുക എന്നതല്ല ഇവിടെ വിഷയം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജീവിതമാണ്‌ ഹിജഡകളുടേത്‌. വേശ്യാവൃത്തിയും പിടിച്ചുപറിയും മാത്രമാണ്‌ തൊഴിലെന്നാണ്‌ അതില്‍ ഏറെപേരും മനസിലാക്കിവെച്ച അറിവ്‌. കേള്‍ക്കുന്നതെല്ലാം സത്യല്ലെന്നും കേട്ടതിനപ്പുറത്ത്‌ അറിയാതെപോയ ഒട്ടേറെ കഥകള്‍ ഉണ്ടെന്നും ഈ ക്യാമറകവിതകളും അതോടൊപ്പം ചേര്‍ത്ത്‌ വായിക്കാനുള്ള വാചകങ്ങളും നമ്മെ ബോധ്യപ്പെടുത്തിതരും. 


വേശ്യാവൃത്തിയിലേര്‍പ്പെട്ടവര്‍ ഏറെയുണ്ട്‌. ഭിക്ഷയാചിക്കുന്നവര്‍ അതിലേറെ. പിടിച്ചുപറിക്കുന്നവരെയും കണ്ടേക്കാം. എന്നാല്‍ ലൈംഗികത്തൊഴിലും ഭിക്ഷാടനവുമല്ലാതെയും മാന്യമായ ജോലിചെയ്‌ത്‌ ജീവിക്കാനാവുമെന്ന്‌ തെളിയിച്ച എയ്‌ഞ്ചല്‍ ഗ്ലാഡി മുതല്‍ ഇന്ത്യയിലെ ആദ്യത്തെ ഹിജഡയുടെ ആത്മകഥയുടെ കര്‍ത്താവായ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ എ രേവതി, ചെന്നൈയില്‍ സഹോദരി ഫൗണ്ടേഷനിലൂടെ ഹിജഡകളെ മാന്യമായി ജീവിക്കാന്‍ പ്രാപ്‌തയാക്കുന്ന പത്രപ്രവര്‍ത്തകയായ കല്‍ക്കി. ഇങ്ങനെ ഒരുപാട്‌ പേരുണ്ട്‌ അവിശുദ്ധരായി സമൂഹം മുദ്രകുത്തിയവര്‍ക്കിടയില്‍ നിന്നും വിശുദ്ധരാണെന്ന്‌ തെളിയിച്ച്‌ കഴിഞ്ഞവര്‍.


ശേഷിക്കുന്നവരുടെ കൂടി മോചനമാണ്‌ കൗമാരംവരെ ആണ്‍ശരീരവുമായി നടക്കുമ്പോഴും മനസില്‍ സ്‌ത്രീയായി ജീവിച്ച ഏയ്‌ഞ്ചല്‍ ഗ്ലാഡിയുടെ സ്വപ്‌നം. ഇപ്പോള്‍ ചെന്നൈ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഗ്ലാഡി ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി തീര്‍ന്നവളാണ്‌. എന്നാല്‍ പൂര്‍ണമായും സ്‌ത്രീയായി തീര്‍ന്നുവെന്ന്‌ പറയാനാവുമോ....? പലര്‍ക്കുമിതൊരുവേശംകെട്ടലായി തോന്നാം. എന്നാല്‍ അങ്ങനെയാണോ...? അല്ലെന്നാണ്‌ ഉത്തരം. അല്ലെങ്കില്‍ സ്വന്തംകുടുംബത്തെപോലും ഉപേക്ഷിച്ച്‌ കൊണ്ട്‌ എന്തിനാണിവര്‍ പുരുഷശരീരം വെടിഞ്ഞ്‌ സ്‌ത്രീയാകാന്‍ വെമ്പല്‍കൊള്ളുന്നത്‌....? ഇങ്ങനെ രൂപമാറ്റം നേടിയവരുടെ കഥകളൊക്കെ പരിശോധിച്ചാല്‍ അറിയാം. അവരില്‍ ആര്‍ക്കും കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല, മറിച്ച്‌ കുടുംബാഗങ്ങള്‍ ആട്ടിയോടിച്ചകഥകള്‍ വേദനയോടെയാണ്‌ ഓരോരുത്തരും പങ്കുവെക്കുന്നത്‌. കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെടുന്നവരുടെ വേദന മറ്റാര്‍ക്കും മനസിലായെന്ന്‌ വരില്ല. അച്ഛനും അമ്മയും അനിയനുമില്ലാതെ ഒരുമുറിയില്‍ ഒറ്റക്കു താമസിക്കുന്നതോര്‍ത്താല്‍ തന്നെ മനസ്‌ വിങ്ങും. ഒരിക്കല്‍ പനിപിടിച്ച്‌ കിടന്നു. 


എഴുന്നേല്‍ക്കാനാകാത്തവിധം ശരീരമാസകലം വേദനയാണ്‌. ഒരുതുള്ളിവെള്ളം തരാന്‍പോലുമാരുമില്ല. അമ്മ അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ഞന്‍ ആഗ്രഹിച്ചുപോയി. ഒരുപാട്‌ കരഞ്ഞു. ഇന്നിപ്പോള്‍ അമ്മയും സഹോദരനും എന്നെ ഫോണില്‍ വിളിക്കാറുണ്ട്‌. പക്ഷെ അച്ഛന്‍ ഇപ്പോഴും എന്റെ അവസ്ഥ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇനി കഴിയുമോ...? എന്നെ അത്രക്ക്‌ ഇഷ്‌ടമായിരുന്നു. എയ്‌ഞ്ചല്‍ ഗ്ലാഡിയുടെ വാക്കുകളാണിത്‌. 

ഇതിനോട്‌ സമാനമായ വേദനകള്‍തന്നെയാണ്‌ കല്‍ക്കിയും രേവതിയുമൊക്കെ പങ്കുവെക്കുന്നത്‌.
റൗഡികള്‍ക്കും പോലീസുകാര്‍ക്കും ഒരേരൂപവും ഭാവവുമാണ്‌ അറവാണികളെ സംബന്ധിച്ചിടത്തോളം. തമിഴ്‌നാട്ടില്‍ ഹിജഡകളെ അറവാണികള്‍ എന്നാണ്‌ വിളിക്കപ്പെടുന്നത്‌. വേശ്യാവൃത്തിയിലൂടെയും യാചനയിലൂടെയും കിട്ടിയ പണം തട്ടിപ്പറിക്കുന്നത്‌ പോലീസുകാര്‍ക്ക്‌ ഹരമാണ്‌. അങ്ങനെ തെരുവോരങ്ങളില്‍ ഒടുങ്ങിയ അറവാണികള്‍ ഒരുപാടുണ്ട്‌. മാന്യമായ ശവസംസ്‌കാരത്തിന്‌ പോലും യോഗ്യതയില്ലാതായ മൃതദേഹങ്ങള്‍. എന്റെ ഗുരുവും അതിന്റെ ഇരയാണ്‌. അറവാണികള്‍ മാത്രമല്ല, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട എത്രലക്ഷങ്ങളാണ്‌ ഓരോ നഗരങ്ങളിലും നരകിക്കുന്നത്‌. അവരുടെ ദു:ഖങ്ങള്‍ എന്നേക്കാള്‍ എത്രയോ വലുതാണ്‌. അതുകൊണ്ട്‌ ഇന്ന്‌ അറവാണികളുടെ ദു:ഖങ്ങളില്‍, പ്രശ്‌നപരിഹാരങ്ങളില്‍ ഞാനെന്റെ ജീവന്റെ സത്തയെ കണ്ടെത്തുകയാണെന്നാണ്‌ രേവതി പറയുന്നത്‌. കണ്ണീരുകള്‍ ഒടുങ്ങാത്ത പ്രതിരോധം നിറക്കുമ്പോള്‍ അവരുടെ കാത്തിരിപ്പ്‌ പകലുകളും രാത്രികളും പരിഹസിക്കാത്ത കാലം പുലരുന്നതിനുവേണ്ടിയാണ്‌.

സമൂഹത്തിന്റെ പരിഹാസവും അവഗണനയും തന്നെയാണവരെ പലപ്പോഴും അസാന്മാര്‍ഗിക ജീവിതത്തിലേക്ക്‌ തള്ളിവിടുന്നത്‌. സമൂഹമനസാണ്‌ മാറേണ്ടത്‌. മനസും തലച്ചോറും പെണ്ണിന്റേതായതിനാല്‍ ആവ്യക്തി പുരുഷനിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ സ്വാഭാവികമാണ്‌. പെണ്ണായ തലച്ചോറിനെ ഒരിക്കലും പുരുഷഭാവത്തിലേക്ക്‌ മാറ്റാന്‍ ഇത്തരക്കാര്‍ക്ക്‌ സാധിക്കില്ലെന്നാണ്‌ പുസ്‌തകത്തില്‍ സൈക്ക്യാട്രിസ്റ്റും സെക്‌ഷ്വല്‍ മെഡിസിന്‍ ആന്‍ഡ്‌ എയ്‌ഡ്‌സ്‌ സ്‌പെഷാലിറ്റി സെക്‌ഷന്‍ ഇന്ത്യന്‍ സൈക്ക്യാട്രിസ്റ്റ്‌ സൊസൈറ്റി ചെന്നൈയിലെ ഡോ എന്‍ ശാലിനി സമര്‍ഥിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ അവര്‍ മനസുകൊണ്ട്‌ പെണ്ണായിരിക്കുകതന്നെചെയ്യും. 

അത്തരക്കാര്‍ക്ക്‌ ചെയ്യാനുള്ളത്‌ വേഗത്തില്‍ ശരീരംകൊണ്ടുകൂടി പെണ്ണായി മാറുക എന്നുള്ളതാണ്‌. ഇത്തരം ദ്വന്ദലിംഗ പ്രകൃതമുള്ള പലരും ഇന്ന്‌ ലിംഗമാറ്റശസ്‌ത്രക്രിയ നടത്തി എളുപ്പത്തില്‍ പെണ്ണായി മാറുന്നു. ശരീരത്തെ സാധ്യമായത്ര പെണ്‍രൂപത്തിലാക്കാന്‍ ശാസ്‌ത്രത്തിന്‌ സാധിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വ്യക്തി തയ്യാറാണെങ്കില്‍ വൈദ്യശാസ്‌ത്രം അവരെ സഹായിക്കാന്‍ സന്നദ്ധമാമെന്നും ഡോ ശാലിനി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്‌. 

തീര്‍ച്ചയായും പൊതുമൂത്രപ്പുരകളില്‍ പോലും സ്ഥാനമില്ലാതായ മൂന്നാംലോക സമൂഹത്തിന്‌ പൊതുസമൂഹത്തില്‍ ഇടമുണ്ടാകുന്നത്‌ സ്വപ്‌നം കാണുന്ന അഭിജിത്തിന്റെ ക്യാമറകാഴ്‌ചകളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എക്‌സ്‌ക്ലൂസീവുകള്‍തേടുന്ന ഒരുമാധ്യമപ്രവര്‍ത്തകന്‍ കാഴ്‌ചക്കാരെ ഹരംപിടിപ്പിച്ച്‌ കളയാമെന്ന്‌ കരുതി എടുത്തചിത്രങ്ങളുമല്ല ഇത്‌. ഇവ യാഥാര്‍ഥ്യമാകാന്‍ നടത്തിയ യാതനകളുടെ യാത്രകള്‍ തന്നെ അഭിജിത്തിന്റെ ആത്മാര്‍ഥതക്കുള്ള സാക്ഷ്യപത്രമാണ്‌. അതുകൊണ്ടാവും പുസ്‌തകത്തിന്റെ അവതാരികയില്‍ ആക്‌ടിവിസ്റ്റായ സിവിക്‌ ചന്ദ്രന്‍ ചരിത്രപരമായ ഒരുരാഷ്‌ട്രീയ ഉത്തരവാദിത്വമാണ്‌ അഭിജിത്ത്‌ നിര്‍വഹിക്കുന്നതെന്ന്‌ പറയാന്‍ പിശുക്ക്‌ കാണിക്കാതിരുന്നത്‌. ഈ പുസ്‌തകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതുവഴി താനും അംഗീകരിക്കപ്പെടുകയാണെന്നും സിവിക്‌ പറഞ്ഞുവെക്കുന്നതും. ഒരിക്കലും ഒരുപുസ്‌തകമായി മാറുമെന്ന്‌ കരുതിയല്ല അഭിജിത്ത്‌ ഇങ്ങനെയൊരു ഉദ്യമത്തിനിറങ്ങിയത്‌. എന്നാല്‍ കാലം ആവശ്യപ്പെടുന്ന ഒരുസര്‍ഗസൃഷ്‌ടിയുടെ പിറവി അറിയാതെ സംഭവിച്ചു എന്നതാവും ശരി.


പ്രണതബുക്‌സ്‌ കൊച്ചിയാണ്‌ ബഹുവര്‍ണ മള്‍ട്ടികളറിലും ആര്‍ട്ട്‌ പേപ്പറിലും മനോഹരമായി ഡിസൈന്‍ചെയ്‌ത ഈ പുസ്‌തകം വിപണിയിലെത്തിച്ചിരിക്കുന്നത്‌. അതോടൊപ്പം ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ച എം എ ഷാനവാസും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌.  

2 comments:

Absar said...

നല്ല പോസ്റ്റ്‌. അഭിനന്ദനങ്ങള്‍ ...
ഇവിടെയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
www.absarmohamed.blogspot.com

lekshmi. lachu said...

kure munp njaanum ethupoloru post ettirunnu.http://lachuvitelokam.blogspot.com/2010/12/blog-post.html.

Related Posts with Thumbnails