നവലോകക്രമ സന്തതി













മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

5 comments:

~ex-pravasini* said...

: )

വേണുഗോപാല്‍ ജീ said...

പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച എന്താണ് കപ്പലില്‍ കൊണ്ടിറക്കുന്നത്? നന്നായിരുന്നു

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും നിന്നെ അറിയില്ല !

ആശംസകള്‍!

ചന്തു നായർ,ആരഭി said...

സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടും,വെള്ളിച്ചങ്ങലയും, പണത്തൂക്കവും,നൽകിയാലും അതല്ല ഹൃദയം നൽകിയാലും അതിനെ കളിപ്പാട്ടമായിക്കാണുന്ന ഇന്നത്തെ സമൂഹം..‘അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍ ബന്ധങ്ങളും സ്നേഹവും കരുണയുംസ്വയം വലിച്ചെറിയുന്ന ഇന്നത്തെ മർത്ത്യർ..ഇതൊക്കെ വായിക്കുമോ..ചിലപ്പോൾ..സ്നേഹതീരങ്ങളിൽ ചെന്നു പെട്ടാലോ...അതുകൊണ്ട് വായിച്ചാലും മനസ്സിൽ ചേർത്ത് വയ്ക്കില്ല മനാഫ്....നല്ല കവിത ആശംസകൾ...ചന്തുനായർ(ആരഭി)http://chandunair.blogspot.com/എന്റെ പുതിയ കഥ “വാത്മീകം” വായിക്കുമല്ലോ

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

Related Posts with Thumbnails